അതെ, ഇര ദിലീപ് തന്നെ! എല്ലാം തുറന്ന് കാട്ടി പോസ്റ്റർ!

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (14:35 IST)
സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ചേര്‍ന്ന് ഒരു നിര്‍മ്മാണക്കമ്പനി ആരംഭിച്ചു. വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മ്മാണക്കമ്പനിയുടെ പേര്. കമ്പനി ആദ്യം നിർമിക്കുന്ന ചിത്രത്തിന്റെ പേര് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 'ഇര' എന്നാണ് ചിത്രത്തിന്റെ പേര്. 
 
ദിലീപിന്റെ ജീവിതകഥയുമായി ബന്ധപ്പെട്ടാണോ സിനിമയെന്ന കാര്യത്തിൽ യാതോരു വിശദീകരണവും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ ഇര ദിലീപ് തന്നെയാണ് എന്നുറപ്പിച്ച് ഫാന്‍മേഡ് പോസ്റ്റര്‍. പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു.
 
ദിലീപ് ജയില്‍മോചിതനായ ദിവസം എടുത്ത ചിത്രം ഉപയോഗിച്ചാണ് ആരാധകര്‍ പോസ്റ്റര്‍ ഇറക്കിയിരിയ്ക്കുന്നത്. ദിലീപിന്റെ മുഖം മാറി എന്നല്ലാതെ പോസ്റ്ററില്‍ ഒരു മാറ്റവുമില്ല. ആ ഇര ദിലീപ് തന്നെയാണ് എന്നുറപ്പിയ്ക്കുന്നതാണ് പോസ്റ്റര്‍. 
 
'സ്റ്റോറി ഓഫ് ആന്‍ അക്യൂസ്ഡ്’ എന്നാണ് ടാഗ്‌ലൈന്‍. പേരും ടാഗ്‌ലൈനും സൂചിപ്പിക്കുന്നത് മലയാള സിനിമയിലും കേരള സമൂഹത്തിലും സമീപകാലത്ത് കോളിളക്കമുണ്ടാക്കിയ ഒരു യഥാര്‍ത്ഥ സംഭവമാണ് ചിത്രം പറയുന്നത് എന്നാണ്. വൈശാഖിന്റെ അസോസിയേറ്റായിരുന്ന സൈജു എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
 
ഉണ്ണിമുകുന്ദനും ഗോകുല്‍ സുരേഷും പ്രധാന കഥാപാത്രങ്ങളായി വരുന്ന ചിത്രത്തില്‍ മിയ നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകർ ഇറക്കിയിരിക്കുന്ന ചിത്രത്തിൽ ദിലീപിന്റെ മുഖത്തിനു പകരം ഉണ്ണി മുകുന്ദന്റേതാണെന്ന് മാത്രം. 
 
ചെയ്യാത്ത കുറ്റത്തിന് ജയിലിലാകുന്ന ഒരു യുവാവിന്‍റെയും ഒരു സ്ത്രീയുടെ പ്രതികാരത്തിന്‍റെയും കഥയാണ് ‘ഇര’യെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച വലിയ സംഭവ വികാസങ്ങളും കോര്‍ത്തിണക്കി സസ്‌പെന്‍സ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article