അന്ന് വിവാഹം ചെയ്യരുതായിരുന്നു, പിന്നീടാണ് മനസിലായത്; രേവതിയുടെ വാക്കുകൾ

നിഹാരിക കെ.എസ്

തിങ്കള്‍, 10 മാര്‍ച്ച് 2025 (10:09 IST)
കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടി രേവതിയുടെ വിവാഹം. സിനിമാട്ടോ​ഗ്രാഫറും സംവിധായകനുമായ സുരേഷ് ചന്ദ്ര മേനോനായിരുന്നു രേവതിയുടെ ഭർത്താവ്. 1986 ൽ വിവാഹിതരായ ഇരുവരും 2013 ൽ നിയമപരമായി പിരിഞ്ഞു. പ്രണയിച്ച് വിവാ​ഹം ചെയ്തവരായിരുന്നു രേവതിയും സുരേഷ് ചന്ദ്ര മേനോനും. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തിരിച്ചറിഞ്ഞതോടെ 27 വർഷം നീണ്ട വിവാഹജീവിതം ഇവർ അവസാനിപ്പിക്കുകയായിരുന്നു. 
 
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഐവിഎഫിലൂടെ രേവതി പെൺകുഞ്ഞിന് ജന്മം നൽകുന്നത്. മകളെ ലെെം ലെെറ്റിൽ നിന്നും മാറ്റി നിർത്താൻ രേവതി ശ്രദ്ധിക്കുന്നു. വിവാഹത്തെക്കുറിച്ച് ഒരിക്കൽ രേവതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആ പ്രായത്തിൽ താൻ വിവാഹം ചെയ്യരുതായിരുന്നു. നാല് വർഷം കഴിഞ്ഞ് ചെയ്താൽ മതിയായിരുന്നു എന്നാണ് രേവതി പറഞ്ഞത്. 
 
മൗനരാ​ഗം, പുന്ന​ഗെെ മന്നൻ എന്നീ സിനിമകൾ ചെയ്ത സമയമാണ് വിവാഹം ചെയ്തത്. കുറച്ച് കൂടെ നല്ല സിനിമകൾ ചെയ്തിട്ട് വിവാഹം ചെയ്ത് കൂടായിരുന്നോ എന്ന് തോന്നി. ഇപ്പോഴാണ് ആ ചിന്ത വന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തെ ബ്രേക്കിന് ശേഷം വീണ്ടും തിരിച്ച് വന്നു. എന്തുകൊണ്ടോ ആളുകൾ എന്നെ സ്വീകരിച്ചു. കിഴക്ക് വാസൽ, തേവർ മകൻ പോലുള്ള സിനിമകൾ ചെയ്തു. ഇന്നത്തെ പോലെ കരിയർ ഓറിയന്റഡായ ചിന്ത അക്കാലത്ത് ഇല്ല. 17 വയസ് മുതൽ 20 വയസ് വർക്ക് ചെയ്തു. 20 വയസിൽ വിവാഹം ചെയ്യുകയായിരുന്നു താനെന്നും രേവതി വ്യക്തമാക്കി. വിവാഹ ബന്ധം പിരിഞ്ഞതിനെക്കുറിച്ചും ഒരിക്കൽ രേവതി സംസാരിച്ചിട്ടുണ്ട്.
 
ഞങ്ങൾക്ക് നല്ല ജീവിതമായിരുന്നു. ഭാര്യയും ഭർത്താവും എന്നതിലുപരി ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പക്ഷെ എവിടെയോ ഒരു ഭർത്താവും ഭാര്യയുമായി ജീവിക്കാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് തോന്നി. ഞങ്ങൾ ആദ്യം സുരേഷിന്റെ അമ്മയോട് പറഞ്ഞു. എന്റെ കുടുംബത്തിലും പറഞ്ഞു. എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ കാരണങ്ങൾ ഞങ്ങൾ പറഞ്ഞു. മൂന്ന് നാല് വർഷം കൂടി നോക്കി പക്ഷെ വർക്ക് ആയില്ല. സൗഹൃദത്തിൽ നിന്ന് ദേഷ്യത്തിലേക്ക് മാറുന്നതിന് മുമ്പ് പിരിയുന്നതാണ് നല്ലതെന്ന് മനസിലാക്കുകയായിരുന്നെന്ന് രേവതി വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍