മാർക്കോയിലൂടെ പാൻ ഇന്ത്യൻ റീച്ച് കിട്ടിയതോടെ, അടുത്ത സൂപ്പർസ്റ്റാറായി ഉണ്ണി മുകുന്ദൻ മാറുമെന്ന് പലരും കരുതിയിരുന്നു. ആരാധക പിന്തുണ, സ്ക്രീൻപ്രസൻസ് എന്നിവയെല്ലാം വർധിച്ചെങ്കിലും നടനെ തുടർന്ന് വിവാദങ്ങളും ഉണ്ടായി. കൂടെയുള്ള നടന്മാരെല്ലാം കരിയറിൽ സ്ഥിരതയുള്ള ഇടങ്ങളിലെത്തി. എന്നാൽ, ഉണ്ണിയുടെ ഉയർച്ച പതുക്കെയായിരുന്നു. വിവാദങ്ങൾ നടന് വിനയായി.
ഉണ്ണിക്ക് സൂപ്പർതാര പരിവേഷം നൽകിയ സിനിമ മാർക്കോയാണ്. എന്നാൽ ഈ സിനിമയ്ക്ക് ശേഷം നടന്റെ ഒരു പുതിയ പ്രൊജക്ടും പ്രഖ്യാപിച്ചിട്ടില്ല. 2024 ഡിസംബർ 20 നാണ് മാർക്കോ റിലീസ് ചെയ്തത്. ആറ് മാസം പിന്നിടുമ്പോഴും ഉണ്ണിക്ക് പുതിയ പ്രൊജക്ടില്ലെന്നത് ആരാധകരെ ആശങ്കിയിലാക്കുന്നു. ഗോകുലം ഗോപാലന്റെ നിർമാണത്തിൽ പുതിയ സിനിമ സംവിധാനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. അധികം വൈകാതെ നിർമാതാവ് ഈ പ്രൊജക്ടിൽ നിന്നും പിന്മാറി.
നിലവിൽ ഉണ്ണിയേട്ടൻ മലയാളത്തിൽ ഒരു ചിത്രത്തിനും ഒപ്പുവച്ചിട്ടിട്ടില്ല. ഉണ്ണി മുകുന്ദനും മാർക്കോ ടീമും അടിച്ചു പിരിഞ്ഞതായി സൂചനയുണ്ട്. ഉണ്ണി മുകുന്ദനുമായി നേരത്തെ സിനിമകൾ ചെയ്ത മേക്കേർസും ഇന്ന് നടനിൽ നിന്ന് മാറി നിൽക്കുകയാണ്. ഉണ്ണി മുകുന്ദനൊപ്പം എപ്പോഴും കൂടെയുണ്ടായിരുന്ന വിഷ്ണു മോഹൻ എന്ന സംവിധായകനുമായി ഉണ്ണി തെറ്റിപ്പിരിഞ്ഞെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നു.