Vallyettan Re-Release First Day Collection: 24 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തിയറ്ററുകളിലെത്തിയ 'വല്ല്യേട്ടന്‍' കാണാന്‍ പ്രേക്ഷകരുടെ ഒഴുക്ക്. ഒന്നിലേറെ തവണ ടിവിയില്‍ കണ്ടവര്‍ പോലും റി-റിലീസിനു തിയറ്ററുകളിലെത്തി. കേരളത്തില്‍ മാത്രം 120 സ്‌ക്രീനുകളിലാണ് ആദ്യദിനമായ ഇന്ന് വല്ല്യേട്ടന്‍ പ്രദര്‍ശിപ്പിക്കുക. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത വല്ല്യേട്ടന്‍ രണ്ടായിരത്തിലാണ് തിയറ്ററുകളിലെത്തിയത്.
കോട്ടയ്ക്കല്‍ സംഗീതയില്‍ രണ്ട് ഷോകളാണ് ആദ്യദിനമായ ഇന്ന് ചാര്‍ട്ട് ചെയ്തിരുന്നത്. പ്രേക്ഷക തിരക്ക് കാരണം അത് നാലായി ഉയര്‍ത്തി. കൊച്ചിയിലെ പിവിആര്‍ ലുലു, പിവിആര്‍ ഫോറം മാള്‍ എന്നിവിടങ്ങളില്‍ രാത്രിയിലെ ഷോകള്‍ക്കുള്ള ടിക്കറ്റുകള്‍ ഇതിനോടകം വിറ്റു തീര്‍ന്നു. ആദ്യദിനം 50 ലക്ഷത്തില്‍ അധികം കളക്ഷന്‍ ലഭിക്കുമെന്നാണ് കരുതുന്നത്. മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിനു ലഭിച്ച 70 ലക്ഷമാണ് മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന റി-റിലീസ് ആദ്യദിന കളക്ഷന്‍. ഈ റെക്കോര്‍ഡ് മമ്മൂട്ടി തകര്‍ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
4K ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വല്ല്യേട്ടന്റെ റി റിലീസ്. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തില്‍ ഇതുവരെ നടന്ന റി റിലീസുകളില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും വല്ല്യേട്ടനുണ്ട്.
അനിയന്‍മാര്‍ക്കു വേണ്ടി ചങ്കുപറിച്ചു കൊടുക്കുന്ന വല്ല്യേട്ടനായാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. അറയ്ക്കല്‍ മാധവനുണ്ണി എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. സിദ്ദിഖ്, മനോജ് കെ ജയന്‍, സുധീഷ്, വിജയകുമാര്‍, സായ് കുമാര്‍, ഇന്നസെന്റ്, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ മണി, ശോഭന, പൂര്‍ണിമ ഇന്ദ്രജിത്ത്, സുകുമാരി എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.