പുതുമകള്‍ക്കൊപ്പമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നും. വലിയ പുതുമകള്‍ കൊണ്ടുവരാന്‍ കഴിയുന്നത് പുതുമുഖങ്ങള്‍ക്കാണെന്നും മമ്മൂട്ടിക്ക് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് പുതുമുഖ സംവിധായകരെ മമ്മൂട്ടി എപ്പോഴും പ്രോത്സാഹിപ്പിക്കുന്നത്.
ഇപ്പോൾ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘അങ്കിൾ’ സംവിധാനം ചെയ്തതും ഒരു നവാഗതനാണ് - ഗിരീഷ് ദാമോദർ. രഞ്ജിത്തിന്റേയും പത്മകുമാറിന്റേയും പ്രീയപ്പെട്ട ശിഷ്യൻ. ജോയ് മാത്യുവിന്റെ മനോഹരമായ തിരക്കഥ നവാഗതന്റെ യാതൊരു പ്രശ്നങ്ങളും സമ്മർദ്ദങ്ങളും ഇല്ലാതെ നമുക്കു മുന്നിലേക്ക് എത്തിച്ച പ്രതിഭ.
ബ്ലെസി, ലാല്‍ ജോസ്, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ആഷിക് അബു, വൈശാഖ്, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങി ഹനീഫ അദേനിയും ഒടുവിൽ ഗിരീഷ് ദാമോരറിലും എത്തി നിൽക്കുന്നു മെഗാസ്റ്റാറിന്റെ ‘പുതിയ മുഖം തേടിയുള്ള യാത്ര’. പുതുമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിക്കുമ്പോഴെല്ലാം വന്‍ ഹിറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നതും ചരിത്രം. മമ്മൂട്ടി മലയാളത്തിന് സമ്മാനിച്ച മികച്ച സംവിധായകരുടെ കൂട്ടത്തിൽ ഇനി ഗിരീഷും ഉണ്ടാകുമെന്ന് നിസ്സംശയം പറയാം.
സിനിമാ മോഹവുമായി വരുന്ന ഒരു പുതുമുഖ സംവിധായകനെയും നിരാശരാക്കി വിടാതിരിക്കാൻ മമ്മൂട്ടി ശ്രമിക്കാറുണ്ട്. അടുത്തിടെ എന്തുകൊണ്ടാണ് പുതുമുഖങ്ങൾക്ക് താൻ അവസരം നൽകുന്നതെന്ന് മമ്മൂട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘'പുതുതായി വരുന്നവരുടെ കയ്യിൽ പുതിയതായി എന്തെങ്കിലും ഒക്കെ കാണും. ശരിക്കും അത് അടിച്ചു മാറ്റാനുള്ള ദുരാഗ്രഹമാണ്. അതൊരു പരീക്ഷണമാണെന്ന് ഞാൻ പുറത്തുപറയുന്നു എന്നേ ഉള്ളു. സത്യത്തിൽ അതെന്റെ സ്വാർത്ഥതയാണ്.' - മമ്മൂട്ടി പറയുന്നു.
ഒരു സംവിധായകന്റെ ആദ്യ ചിത്രം തന്നെ വിജയിച്ചാൽ അഭിനന്ദനവും പരാജയപ്പെട്ടാൽ വിമർശനവും വരുന്നത് ഇരട്ടത്താപ്പല്ലേ എന്ന ചോദ്യത്തിനു 'നല്ലത് നല്ലതെന്നും മോശം മോശമെന്നും പറയുന്നത് എങ്ങനെയാണ് ഇരട്ടത്താപ്പ് ആകുന്നത്?' എന്നായിരുന്നു മമ്മൂട്ടി നൽകിയ ഉത്തരം.