ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഷ് അദെനി സംവിധാനം ചെയ്ത മാർക്കോ തെന്നിന്ത്യയിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. നോർത്ത് ഇന്ത്യയിൽ ഒരു മലയാള ചിത്രത്തിന് ലഭിക്കാവുന്ന വരവേൽപ്പിനെയെല്ലാം മറികടന്നിരിക്കുകയാണ് മാർക്കോ. സിനിമയുടെ വിജയത്തെക്കുറിച്ചുള്ള നടൻ ടൊവിനോ തോമസിന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'മാര്‍ക്കോ നല്ല ഒരു സിനിമയാണ്. ടെക്നിക്കലിയും അതിലെ പ്രകടനങ്ങള്‍ കൊണ്ടുമാണ് വയലന്‍സ് വിശ്വസനീയമായി തോന്നിയത്. അല്ലാതെ വയലന്‍സ് കൊണ്ട് മാത്രമല്ല ആ സിനിമയുടെ വിജയമെന്ന് എനിക്ക് തോന്നുന്നു. സിനിമ എന്ന നിലയ്ക്ക് നല്ലതായതുകൊണ്ടാണ് അത് വിജയിച്ചതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയില്‍ നമ്മള്‍ കാണുന്നതൊന്നും ശരിക്കും നടക്കുന്നതല്ലല്ലോ, ഒരു മേക്ക് ബിലീഫ് ആണ്. ആ മേക്ക് ബിലീഫ് അത്രയും വിജയകരമായി അവര്‍ക്ക് ചെയ്യാന്‍ പറ്റി എന്നുള്ളിടത്താണ് ആ സിനിമ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്. ഏത് ഇമോഷന്‍ ആണെങ്കിലും ആള്‍ക്കാരെ അത്രയും നന്നായി വിശ്വസിപ്പിക്കാന്‍ സാധിച്ചാല്‍ അത് വിജയിക്കും,' ടൊവിനോ പറഞ്ഞു.