നടൻ നെടുമുടി വേണുവിനോട് മാപ്പ് പറഞ്ഞ് തിലകന്റെ മകള്‍ ഡോ. സോണിയ. കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കിങ്ങിണിക്കൂട്ടം കാന്‍സര്‍ കെയര്‍ സൊസൈറ്റി ഇന്നലെ കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്.‘അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു’ സോണിയ പറഞ്ഞു. നെടുമുടി കസേരയില്‍ നിന്ന് എഴുന്നേറ്റ് അടുത്തുചെന്ന് സോണിയയെ ആശ്വസിപ്പിച്ചു.
‘എന്റെ അച്ഛനും വേണു സാറും തമ്മില്‍ സിനിമാ ലോകത്തുണ്ടായ പ്രശ്‌നങ്ങളും ശത്രുതയും എല്ലാവര്‍ക്കുമറിയാം. ആ തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരുന്ന നാളുകളില്‍ ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂര്‍ക്കാവിലുള്ള എന്റെ ക്ലിനിക്കില്‍ ചികിത്സയ്ക്ക് വന്നു.വേണു സാറിനോട് എനിക്കും വെറുപ്പ് തോന്നിയ നാളുകൾ. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഞാനെത്രയോ ചെറുതായി എന്നെനിക്ക് തോന്നി. തിലകന്‍ ചേട്ടനും എന്റെ ഭര്‍ത്താവും തമ്മില്‍ പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവുമെന്നും നമ്മുടെയിടയില്‍ അതൊന്നും ഉണ്ടാവരുതെന്നും ക്ലിനിക്കില്‍ നിന്ന് ഇറങ്ങാന്‍ നേരം അവര്‍ പറഞ്ഞു.
സോണിയ ഞങ്ങളുടെ വീട്ടില്‍ വരണം. ക്ഷണിക്കുന്നു. അടുത്തൊരു ദിവസം ഞാന്‍ പോയി. ഊഷ്മളമായ സ്‌നേഹം ഞാനറിഞ്ഞു. അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു…’ ഇതായിരുന്നു സോണിയയുടെ വാക്കുകൾ. പ്രസംഗം അവസാനിപ്പിച്ച് ഇരിപ്പിടത്തിലേക്ക് വന്ന സോണിയയെ നെടുമുടി വേണു എഴുന്നേറ്റ് ചെന്ന് ആശ്വസിപ്പിച്ചു.