ഓസ്കർ യോഗ്യത പട്ടികയിൽ ഇടം നേടി 'ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്', സന്തോഷം പങ്കുവെച്ച് നിർമ്മാതാക്കൾ

കെ ആര്‍ അനൂപ്
ചൊവ്വ, 19 ഡിസം‌ബര്‍ 2023 (12:11 IST)
ഷെയ്സൺ പി ഔസേഫ് സംവിധാനം ചെയ്ത ചിത്രമാണ് 'ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്'.1995ൽ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതം പറയുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ട്രൈലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ രാണയാണ്. 30 പരം അന്തർ ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ സിനിമ ഓസ്കർ പുരസ്കാരത്തിനുള്ള യോഗ്യത പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്. 
 
സിനിമയ്ക്കായി സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് ഒരുക്കിയ മൂന്ന് ഗാനങ്ങളാണ് ഒറിജിനൽ സോങ് എന്ന വിഭാഗത്തിൽ ഓസ്കർ യോഗ്യത നേടിയിരിക്കുന്നത്.ആകെ വിവിധ ഭാഷകളിൽ നിന്നുള്ള 94 ഗാനങ്ങളാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്നത്.
 
21 വയസ്സ് പ്രായമുള്ളപ്പോൾ ഉത്തർപ്രദേശിൽ എത്തുകയും അവിടുത്തെ ജനങ്ങൾക്ക് വേണ്ടി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതമാണ് സിനിമ പറയുന്നത്. മലയാളം, ഹിന്ദി, സ്‌പാനിഷ് ഭാഷകളിലാണ് സിനിമ നിർമ്മിച്ചത്.