എന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിം​ഗ്; മാർക്കോ കാണാൻ ഉണ്ണി മുകുന്ദൻ തിയേറ്ററിൽ

നിഹാരിക കെ.എസ്
വെള്ളി, 20 ഡിസം‌ബര്‍ 2024 (16:26 IST)
മാർക്കോ കാണാൻ തിയേറ്ററിൽ സർപ്രൈസായി എത്തി ഉണ്ണി മുകുന്ദൻ. നിർമാതാവ് ഷെരീഫ് മുഹ​മ്മദിന്റെയും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർക്കുമൊപ്പമാണ് ഉണ്ണി മുകുന്ദൻ തിയേറ്ററിലെത്തിയത്. മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് മാർക്കോയ്ക്ക് ലഭിച്ചതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
 
“അ‍ഞ്ച്, ആറ് വർഷങ്ങൾക്ക് ശേഷമാണ് ഞാനൊരു ആക്ഷൻ സിനിമ ചെയ്യുന്നത്. ചിത്രത്തിന് അധികം പ്രമോഷൻസ് കൊടുത്തിരുന്നില്ല. കാരണം, സിനിമ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്ന് എനിക്കറിയാമായിരുന്നു. നല്ല സിനിമ ആയതുകൊണ്ടാണ് സിനിമ വിജയിക്കുന്നത്. മലയാളത്തിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും വലിയ വയിലൻസ് ചിത്രമെന്ന കാര്യത്തിൽ സംശയമില്ല.
 
കെജിഎഫ് വന്നപ്പോൾ, മലയാളത്തിൽ ഇതുപോലെ ഒരു സിനിമ വേണമെന്ന് ആളുകൾ പറയുന്നത് ഞാൻ കേട്ടിരുന്നു. എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ കിണ്ണംകാച്ചി പടം തന്നെയാണ് മാർക്കോ. പ്രേക്ഷകരിൽ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ആക്ഷൻ ചിത്രങ്ങൾക്ക് പ്രേക്ഷകർ നൽകുന്ന പിന്തുണ വലുതാണ്. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിം​ഗാണ് മാർക്കോയ്‌ക്ക് ലഭിച്ചത്. സിനിമയിൽ വർക്ക് ചെയ്ത എല്ലാവരുടെയും വിജയമാണിത്.
 
എ സർട്ടിഫിക്കറ്റ് കിട്ടിയ സിനിമയാണ്. അതുകൊണ്ട് തന്നെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും സിനിമ കാണാം. എ സർട്ടിഫിക്കറ്റ് സിനിമ ആയതുകൊണ്ട് ആളുകൾ തിയേറ്ററിൽ വന്ന് സിനിമ കാണുമോയെന്ന് ഞാൻ സംശയിച്ചിരുന്നു. പാൻ ഇന്ത്യൻ സിനിമയാണെന്ന് ഒരിടത്തും ഞങ്ങൾ പറഞ്ഞിട്ടില്ല. പക്ഷേ, ആക്ഷൻ സിനിമകൾ പാൻ ഇന്ത്യൻ സിനിമയാകാനുള്ള സാധ്യത കൂടുതലാണ്. നല്ല പ്രൊഡക്ഷൻ ടീമാണ് ഞങ്ങൾക്ക് ലഭിച്ചത്. ആക്ഷൻ സിനിമകളിൽ നിന്ന് മാറിനിന്നപ്പോൾ, ഇനി ചെയ്യുന്നത് ആക്ഷൻ പടമായിരിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നു', ഉണ്ണി മുകുന്ദൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article