വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ വീണ്ടും ആക്ഷൻ ഹീറോ ആകുകയാണ്. സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ വയലൻസ് ചിത്രം കൂടിയാണിത്. ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈ കിംഗ്സ്റ്റനാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കെ.ജി.എഫ്., സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ചിത്രത്തിൻ്റെ ഹൈലൈറ്റാണ്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായത്. എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആയിരുന്നു സെൻസർ ബോർഡ് നൽകിയിരുന്നത്. ചിത്രം ഡിസംബർ 20 ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും. എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ പ്രതീക്ഷയോടെയാണ് മലയാളി സിനിമാ പ്രേക്ഷകർ 'മാർക്കോ'യെ കാത്തിരിക്കുന്നത്.