സീരിയൽ വഴിയാണ് സ്വാസിക അഭിനയത്തിലെത്തുന്നത്. സീത എന്ന സീരിയൽ നടിയുടെ കരിയർ തന്നെ മാറ്റിമറിച്ചു. പിന്നീട് നിരവധി സിനിമകൾ ശ്വാസികയെ തേടിയെത്തി. മലയാളത്തിലെന്നത് പോലെ തന്നെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് സ്വാസിക. ഈയ്യടുത്ത് തമിഴില്‍ പുറത്തിറങ്ങിയ ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലെ സ്വാസികയുടെ പ്രകടനം കയ്യടി നേടിയിരുന്നു.
ചിത്രത്തില്‍ മുതിര്‍ന്ന പെണ്‍കുട്ടിയുടെ അമ്മയായാണ് സ്വാസിക അഭിനയിച്ചത്. സ്വാസികയുടെ വേഷപ്പകര്‍ച്ചയും സിനിമയുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ തന്നെ തേടി ഇപ്പോള്‍ തുടര്‍ച്ചയായി അമ്മ വേഷങ്ങളാണ് വരുന്നതെന്നാണ് സ്വാസിക പറയുന്നത്. അതില്‍ തന്നെ താന്‍ ഞെട്ടിപ്പോയത് തെലുങ്ക് താരം രാം ചരണിന്റെ അമ്മ വേഷത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ ആണെന്നാണ് സ്വാസിക പറയുന്നത്. ആ സിനിമയോട് താന്‍ നോ പറഞ്ഞുവെന്നും സ്വാസിക പറയുന്നു.
'' തുടര്‍ച്ചയായി എനിക്ക് അമ്മ വേഷങ്ങള്‍ വരുന്നുണ്ട്. അതില്‍ ഞെട്ടിപ്പോയത് രാം ചരണിന്റെ അമ്മയായിട്ടാണ്. തെലുങ്കിലെ വലിയ സിനിമയായ പെഡ്ഡിയിലേക്കാണ് വിളിച്ചത്. ഭയങ്കര ബജറ്റിലൊരുങ്ങുന്ന സിനിമയാണ്. ഞാന്‍ നോ പറഞ്ഞു. ഞാന്‍ ചെയ്താല്‍ എങ്ങനെ വരുമെന്ന് അറിയില്ല. പക്ഷെ ഇപ്പോള്‍ എനിക്ക് രാം ചരണിന്റെ അമ്മയാകേണ്ട ആവശ്യമില്ല. അതിനാല്‍ നോ പറഞ്ഞു. ആവശ്യം വരികയാണെങ്കില്‍ നോക്കാം'' എന്നാണ് സ്വാസിക പറയുന്നത്.