സിനിമാ മേഖലയിൽ മാറ്റങ്ങൾ വരണമെന്ന് പറയുന്നവർ പോലും മാറ്റങ്ങൾ കൊണ്ടുവരുന്നില്ലെന്ന് നടി സ്വാസിക. താനടക്കമുള്ള നടിമാർക്ക് ഏത് കഥാപാത്രങ്ങൾ തരണമെന്ന് സംവിധായകന്മാരും നിർമാതാക്കളുമാണ് തീരുമാനിക്കേണ്ടതെന്നും ഇവരൊക്കെ മാറ്റങ്ങൾ വരുന്നു വരുന്നു എന്ന് പറയുക മാത്രമാണ് ചെയ്യുന്നത് എന്നും സ്വാസിക ആരോപിച്ചു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
തന്നെ പോലെയുള്ള താരങ്ങളെ മലയാളത്തിലെ മുൻനിര നടന്മാരുടെ നായികയായി സങ്കൽപ്പിക്കാൻ ചില സംവിധായകന്മാർക്ക് കഴിയുന്നില്ലെന്നും സ്വാസിക പറഞ്ഞു. എന്നെ പോലുള്ള നടിമാർ പൃഥ്വിരാജിന്റെയോ ദുൽഖറിന്റെയോ നായികമാരായി എത്തുന്നത് അവർക്ക് സങ്കൽപ്പിക്കാൻ കഴിയില്ലായിരിക്കാം. സൈഡ് കാരക്ടർ ചെയ്യുന്നതുകൊണ്ട് ജീവിതകാലം മുഴുവൻ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതാകും നല്ലതെന്നായിരിക്കും അവർ ചിന്തിക്കുന്നതെന്നാണ് സ്വാസികയുടെ പരാതി.
'സീരിയൽ നടിയായിരുന്ന സുരഭി ലക്ഷ്മി ടൊവിനോയുടെ നായികയായി വന്നു. അതുപോലെ നല്ല കഥാപാത്രങ്ങൾ നൽകാൻ സംവിധായകന്മാർ തയാറാകണം. ഞങ്ങൾക്ക് ഏത് കഥാപാത്രങ്ങൾ തരണമെന്ന് സംവിധായകന്മാരും നിർമാതാക്കളുമാണ് തീരുമാനിക്കേണ്ടത്. ഇവരൊക്കെ മാറ്റങ്ങൾ വരുന്നു വരുന്നു എന്ന് പറയുക മാത്രമാണ് ചെയ്യുന്നത്. സ്വാസിക എപ്പോഴും ചേച്ചിയോ അനിയത്തിയോ ആയി മാത്രം വന്നാൽ മതിയെന്ന് അവരങ്ങ് ഉറപ്പിക്കുകയാണ്. അത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഉത്തരമില്ല. പക്ഷേ ചിലർ നമ്മളെ വിശ്വസിച്ച് നല്ല കഥാപാത്രങ്ങൾ തരും. അതും സ്ഥിരമായില്ല', സ്വാസിക പറഞ്ഞു.