സില്‍ക് സ്മിത വിവാഹം കഴിച്ചത് 17-ാം വയസ്സില്‍, ജീവിതപങ്കാളിയായ കാളവണ്ടിക്കാരന്‍ തികഞ്ഞ മദ്യപാനി, ഭര്‍തൃവീട്ടില്‍ നിന്ന് ക്രൂര മര്‍ദനങ്ങള്‍ക്ക് ഇരയായി; താരത്തിന്റെ ദുരന്ത ജീവിതം ഇങ്ങനെ
35-ാം വയസ്സിലാണ് സില്‍ക് സ്മിത ഈ ലോകത്തോട് വിട പറഞ്ഞത്. 1996 സെപ്റ്റംബര്‍ 23 ന് ചെന്നൈയിലെ അപ്പാര്‍ട്മെന്റില്‍ സില്‍ക് സ്മിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം ഇപ്പോഴും വ്യക്തമല്ല. സില്‍ക് സ്മിത ഓര്‍മയായിട്ട് ഇന്നേക്ക് 25 വര്‍ഷമായി. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ താരമായി നില്‍ക്കുമ്പോഴും ഏറെ വേദനകളും ഒറ്റപ്പെടലുകളും നിറഞ്ഞ ജീവിതമായിരുന്നു സില്‍ക് സ്മിതയുടേത്.
ബാല്യകാലം ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നാലാം ക്ലാസില്‍ സില്‍ക് സ്മിത പഠനം നിര്‍ത്തി. 17-ാം വയസ്സില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു കാളവണ്ടിക്കാരനെ സില്‍ക് സ്മിത വിവാഹം കഴിച്ചു. ഈ ബന്ധം ഏറെ ദുരനുഭവങ്ങളാണ് 17-കാരിക്ക് സമ്മാനിച്ചത്.
ജീവിതപങ്കാളി തികഞ്ഞ മദ്യപാനിയായിരുന്നു. രാത്രി മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാള്‍ സില്‍ക് സ്മിതയെ ശാരീരികമായി മര്‍ദിച്ചിരുന്നു. ഭര്‍തൃവീട്ടുകാരും ഈ 17-കാരിയെ ക്രൂരമായി പീഡിപ്പിച്ചു.
വിജയലക്ഷ്മി എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. ടച്ച്-അപ് ആര്‍ട്ടിസ്റ്റായാണ് സില്‍ക് സിനിമയിലേക്ക് എത്തുന്നത്. മേക്കപ്പ് രംഗത്തോട് വലിയ താല്‍പര്യമുണ്ടായിരുന്നു വിജയലക്ഷ്മിക്ക്. പിന്നീട് ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിക്കാനും തുടങ്ങി.
1980 ല്‍ വിനു ചക്രവര്‍ത്തി സംവിധാനം ചെയ്ത വണ്ടിച്ചക്രം എന്ന തമിഴ് സിനിമയിലൂടെയാണ് വിജയലക്ഷ്മി സില്‍ക് സ്മിതയാകുന്നത്. വണ്ടിച്ചക്രത്തിലെ ബാര്‍ ഡാന്‍സര്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സില്‍ക് എന്നാണ് സിനിമയിലെ ബാര്‍ ഡാന്‍സറുടെ പേര്. വണ്ടിച്ചക്രത്തിനു ശേഷം വിജയലക്ഷ്മി സില്‍ക് ആയി. സംവിധായകന്‍ വിനു ചക്രവര്‍ത്തി സില്‍ക്കിനൊപ്പം സ്മിത എന്ന പേര് കൂടി സമ്മാനിച്ചു. അങ്ങനെ സില്‍ക് സ്മിതയെന്ന താരം പിറന്നു.