സിനിമാ സീരിയൽ താരം ദിലീപ് ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. ദിലീപിനെ കുറിച്ച് നടി സീമ ജി നായർ ഫേസ്ബുക്കിൽ പങ്കുവെച്ച വരികൾ ശ്രദ്ധേയമാകുന്നു. അഞ്ച് ദിവസം മുൻപ് തന്നെ വിളിച്ചിരുന്നെന്നും അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻ പറ്റിയില്ലെന്നുമാണ് നടി കുറിക്കുന്നത്.
"ആദരാഞ്ജലികൾ! 5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ .. അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻ പറ്റിയില്ല .. ഇപ്പോൾ ഒരു പത്രപ്രവർത്തകൻ വിളിച്ചപ്പോളാണ് വിവരം അറിയുന്നത് .. എന്താണ് ദിലീപ് നിനക്ക് പറ്റിയത് .. ഒന്നും പറ്റുന്നില്ലല്ലോ ഈശ്വര... എന്ത് എഴുതണമെന്നു അറിയില്ല... ആദരാഞ്ജലികൾ."- സീമ ജി നായർ കുറിച്ചു.
തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.