വീട്ടിൽവച്ചു മോഷ്ടാവിന്റെ കുത്തേറ്റശേഷം ആദ്യമായി പൊതുവേദിയിലെത്തി ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. മോഷ്ടാവിന്റെ കഥ പറയുന്ന, നെറ്ഫ്ലിക്സിന്റെ പുതിയ ചിത്രത്തിൽ സെയ്ഫ് ആണ് നായകൻ. സിനിമയുടെ പ്രഖ്യാപന ചടങ്ങിൽ ഇടതു കയ്യിൽ ബാൻഡേജ് കെട്ടി, നീല ഡെനിം ഷർട്ട് ധരിച്ചാണു സെയ്ഫ് വന്നത്. കഴുത്തിൽ ബാൻഡേജുകളൊട്ടിച്ചതും കാണാം.
ഈ വർഷം നെറ്റ്ഫ്ലിക്സ് ഇന്ത്യ ഒടിടിയിൽ റിലീസ് ചെയ്യുന്ന ജുവൽ തീഫ്: ദ് ഹീസ്റ്റ് ബിഗിൻസ് എന്ന സിനിമയുടെ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടന്നത്. സെയ്ഫും ജയ്ദീപ് അഹ്‌ലാവത്തുമാണു മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്നത്. ലോകത്തിലെ ഏറ്റവും അപൂർവ വജ്രമായ ആഫ്രിക്കൻ റെഡ് സൺ കവരുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണു സിനിമയുടെ ഇതിവൃത്തം. സ്റ്റേജിലേക്ക് എത്തിയ സെയ്ഫിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്.