അര്‍ജുന്‍ റെഡ്ഡി സിനിമയില്‍ താന്‍ നായികയാക്കാന്‍ തീരുമാനിച്ചിരുന്നത് നടി സായ് പല്ലവിയെ ആയിരുന്നുവെന്ന് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ. സായ് പല്ലവിയുടെ പുതിയ ചിത്രമായ തണ്ടേലിന്റെ പ്രമോഷന്‍ ചടങ്ങിന് എത്തിയപ്പോഴാണ് സന്ദീപ് റെഡ്ഡി ഇക്കാര്യം പറഞ്ഞത്. സ്ലീവ്‌ലെസ് പോലും ധരിക്കാത്ത പെണ്‍കുട്ടിയാണ് അവരുടെ കാര്യം മറന്നേക്ക് എന്നായിരുന്നു സായ് പല്ലവിയെ പരിഗണിച്ച തനിക്ക് ലഭിച്ച മറുപടി എന്നാണ് സന്ദീപ് പറയുന്നത്.
കേരളത്തില്‍ നിന്നുള്ള ഒരു കോര്‍ഡിനേറ്ററാണ് ഇങ്ങനെ പറഞ്ഞത്. ഈ സിനിമയിലെ റൊമാന്റിക് ഘടകം എന്താണെന്ന് അയാള്‍ ചോദിച്ചു. തെലുങ്ക് സിനിമയില്‍ പൊതുവെ കാണുന്നതിലും കൂടുതലാണെന്ന് ഞാന്‍ പറഞ്ഞു. ഇതോടെ അത് മറന്നേക്ക്, ആ പെണ്‍കുട്ടി സ്ലീവ്‌ലെസ് ഡ്രസ് പോലും ധരിക്കില്ലെന്ന് അയാള്‍ മറുപടി നല്‍കി. പൊതുവേ നായികമാര്‍ അവസരങ്ങള്‍ വരുന്നതിന് അനുസരിച്ച് മാറും. പക്ഷെ സായ് പല്ലവി മാറിയതേയില്ല. അത് മഹത്തരമാണ് എന്നാണ് സന്ദീപ് റെഡ്ഡി പറഞ്ഞത്.