സംവിധായകർ ഒരിക്കലും താരങ്ങളുടെ ആരാധകർ ആകരുതെന്ന് രഞ്ജിത്ത്. ഒരു താരത്തിന്റെ ആരാധകനും അയാളെ വച്ച് സിനിമയെടുക്കുന്ന സംവിധായകനും തമ്മിലുള്ള വ്യത്യാസം സംവിധായകൻ രഞ്ജിത്ത് ചൂണ്ടിക്കാണിക്കുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഡ്രാമയെക്കുറിച്ച് മനോരമയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൃശ്യത്തിന്റെ ചിത്രീകരണസമയത്ത് തനിക്ക് വന്ന ആന്റണി പെരുമ്പാവൂരിന്റെ ഒരു ഫോണ്‍കോളിനെക്കുറിച്ചാണ് രഞ്ജിത്ത് പറയുന്നത്. 'ദൃശ്യം എന്ന സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയില്‍ നടക്കുന്ന സമയത്ത് ഞാന്‍ ആന്റണി പെരുമ്പാവൂരിനെ വിളിച്ചു. 'എന്താ ചേട്ടാ' എന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ എടുക്കുമ്പോഴേ അവന്റെ ശബ്ദത്തില്‍ എനിക്ക് വല്ലാത്തൊരു മാറ്റം ഫീല്‍ ചെയ്തു. ലൊക്കേഷനില്‍നിന്ന് ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്. എന്ത് പറ്റിയെടാ എന്ന് ഞാന്‍ ചോദിച്ചപ്പോൾ 'ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല്‍സാറിനെ ഷാജോണ്‍ ഇടിക്കുകയാണ്. അത് കണ്ടുനില്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല' എന്നുപറഞ്ഞ് കരയുകയാണ് ആന്റണി.
ദൃശ്യം ചിത്രത്തിന്റെ നിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ. എന്നാൽ അതിലുപരി മോഹൻലാലിന്റെ കടുത്ത ആരാധകനാണ്. ഈ ആരാധന ജീത്തു ജോസഫിന് തോന്നിക്കഴിഞ്ഞാല്‍ ദൃശ്യം എന്ന സിനിമ ഉണ്ടാകില്ലെന്ന് രഞ്ജിത്ത് പറയുന്നു.