ടെലിവിഷൻ പരിപാടികളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പരിപാടികളിൽ ഒന്നാണ് ബഡായി ബംഗ്ലാവ്. ബഡായി ബംഗ്ലാവിലെ ഹൈലൈറ്റ് എന്ന് പറയുന്നത് അവതാരകരായ മുകേഷ്, രമേഷ് പിഷാരടി, ധർമജൻ, ആര്യ എന്നിവർ തന്നെയാണ്. അതിഥികളായി എത്തുന്നവർക്കും പ്രേക്ഷകർക്കും ചിരി വിരുന്നാണ് ഇവർ നൽകാറ്. എന്നാൽ, കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത എപ്പിസോഡിലെ അതിഥി മോഹൻലാൽ ആയിരുന്നെങ്കിലും സാധാരണയുള്ള ആരവം കാണാൻ സാധിച്ചില്ല.
കാരണം, നമ്മുടെ പിഷാരടി തന്നെ. പുലിമുരുകന്റെ വിശേഷങ്ങളുമായി മോഹൻലാൽ എത്തിയെങ്കിലും എല്ലാവരും അന്വേഷിച്ചത് പിഷാരടി എവിടെ എന്നായിരുന്നു. മുകേഷിനോട് വഴക്കുണ്ടാക്കി പിരിഞ്ഞു, പൈസ കൂടുതൽ ചോദിച്ച് വഴക്കിട്ടു തുടങ്ങിയ ഗോസിപ്പുകളും പ്രചരിച്ചു തുടങ്ങി. ഇതൊന്നുമായിരുന്നില്ല സത്യം. സത്യമെന്താണെന്ന് പിഷാരടിയുടെ മാനേജർ ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.
സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് പിഷാരടി അവധിയെടുത്ത് അമേരിക്കയിൽ പോയിരിക്കുകയാണ്. പോകുന്നതിനു മുൻപ് നാല് ദിവസത്തെ എപ്പിസോഡ് ഷൂട്ട് ചെയ്തിരുന്നു. എന്നാൽ, പുലിമുരുകൻ സിനിമ റിലീസ് ചെയ്യുന്നത് ഇതിനിടയിലാണ്. സിനിമ അപ്രതീക്ഷിതമായി കുതിക്കുകയും ചെയ്തു. ഇതിനിടയിലാണ് മോഹൻലാലിനെ അതിഥിയായി ലഭിച്ചത്. എല്ലാം പെട്ടന്നായതിനാൽ മറ്റൊരാളെ വെച്ച് ഷൂട്ട് ചെയ്യുകയായിരുന്നുവത്രെ.