'അല്‍പ്പ വസ്ത്രം ധരിച്ച് നൃത്തം ചെയ്ത് രാജ്യത്തെ വനിതകളെ അപമാനിക്കാനാണ് ദീപിക ശ്രമിക്കുന്നത്'; ‘പത്മാവതി’ക്കെതിരെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ണ്ണിസേന
ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച സിനിമയായിരുന്നു സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പത്മാവതി. ദീപികാ പദുക്കോണ്‍ നായികയാവുന്ന പത്മാവതിയുടെ റിലീസിംഗ് ദിവസമായ ഡിസംബര്‍ ഒന്നിന് രജപൂര്‍ കര്‍ണി സേന ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ നായിക ദീപികാ പദുക്കോണിനെതിരെയും രൂക്ഷ നിലപാടാണ് കര്‍ണി സേനയുയര്‍ത്തുന്നത്.
ചിത്രത്തിനായി അധോലോക നേതാവ് പണം മുടക്കിയിട്ടുണ്ടെന്നും രാജ്യത്തെ സ്ത്രീകളെയും സംസ്‌ക്കാരത്തെയും മനപ്പൂര്‍വ്വം തകര്‍ക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും കര്‍ണിസേന മേധാവി ലോകേന്ദ്ര സിംഗ് കാല്‍വി ആരോപിച്ചു.
‘ അല്‍പ വസ്ത്രധരിച്ച് നൃത്തം ചെയ്ത് രാജ്യത്തെ വനിതകളെ അപമാനിക്കാനാണ് ദീപിക ശ്രമിക്കുന്നത്. ഇന്ത്യന്‍ സ്ത്രീകളെ ഇങ്ങനെ ചിത്രീകരിക്കാനാണോ ശ്രമിക്കുന്നതെന്നും ലോകേന്ദ്ര സിംഗ് കാല്‍വി ചോദിച്ചു. ചിത്രത്തിന്റെ റിലീസ് തടഞ്ഞില്ലെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയ്യെറ്ററുകള്‍ നശിപ്പിക്കുമെന്നും കാല്‍വി വ്യക്തമാക്കി.
ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചുവെന്ന വാര്‍ത്ത ഉണ്ടിയിരുന്നു. ‘പത്മാവതി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ആക്രമം ഉണ്ടായത്. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന് ആരോപിച്ച് രജ്‌പുത് കര്‍ണി സേന പ്രവര്‍ത്തകര്‍ ആണ് അക്രമം അഴിച്ചുവിട്ടത്.
രാജസ്ഥാനിലെ ജയ്ഗഢ് ഫോര്‍ട്ടില്‍ ആയിരുന്നു ചരിത്രസിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. സിനിമയുടെ സെറ്റും ഉപകരണങ്ങളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. സംഭവം മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. ബന്‍സാലിയെ മര്‍ദ്ദിച്ച പ്രതിഷേധക്കാര്‍ മുടി പിടിച്ചു വലിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍, ആരും പരാതി നല്കാത്തതിനെ തുടര്‍ന്ന് വിട്ടയച്ചതായി പൊലീസ് അറിയിച്ചു.