'കണ്‍മഷിയും പൊട്ടും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാമെങ്കില്‍ സാനിറ്ററി നാപ്കിനുകളെ എന്തുകൊണ്ട് ഒഴിവാക്കി കൂടാ'; രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി

വ്യാഴം, 16 നവം‌ബര്‍ 2017 (09:00 IST)
സാനിറ്ററി നാപ്കിനുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. കണ്‍മഷിയും പൊട്ടും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാമെങ്കില്‍ പിന്നെന്തു കൊണ്ട് സാനിറ്ററി നാപ്കിനുകള്‍ ഒഴിവാക്കികൂടാ എന്നാണ് കോടതി ചോദിച്ചത്.
 
സാനിറ്ററി നാപ്കിനുകള്‍ ആവശ്യ വസ്തുവാണെന്നും ഇതിന് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിമര്‍ശനം.
 
ഗുവാഹത്തിയില്‍ നടന്ന യോഗത്തില്‍ ടൂത്ത് പേസ്റ്റ്, ഷാംപു, ചോക്ലേറ്റ്, ആഫ്‌റ്റര്‍ ഷേവ് ലോഷന്‍, ചൂയിംഗം, ഡിറ്റര്‍ജന്റ്, വാഷിങ് പൌഡര്‍, മാര്‍ബിള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ജി‌എസ്‌ടി 28ല്‍ നിന്നും 18 ശതമാനമായി കുറച്ചിരുന്നു. 
 
ഇരുന്നൂറോളം ഉല്‍പന്നങ്ങളുടെ നികുതി നിരക്കില്‍ ഇളവ് പ്രഖ്യാപിക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജിഎസ്ടിയിലെ പാകപ്പിഴകള്‍ പരിഹരിക്കാനായുള്ള ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഇങ്ങനെയൊരു നീക്കം ഉണ്ടാ‍യത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍