പുലിമുരുകനില്‍ നിങ്ങള്‍ പുലിയെ തൊട്ടോ?, പുലിയോടൊപ്പം ഫൈറ്റ് ചെയ്തോ?; കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിന്റെ മറുപടിയെത്തി

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2017 (17:54 IST)
മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി നൂറ് കോടി ക്ലബില്‍ ഇടംനേടിയ ചിത്രമാണ് വൈശാഖ് സംവിധാനം നിര്‍വഹിച്ച പുലിമുരുകന്‍. അതിഗംഭീര പ്രകടനമാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ കാഴ്ചവെച്ചിരിക്കുന്നത്. പുലിയോടൊപ്പമുള്ള രംഗങ്ങളെല്ലാം അതി ഗാംഭീര്യത്തോടെയാണ് ലാല്‍ അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ മോഹന്‍ലാല്‍ യഥാര്‍ത്ഥ പുലിയുമായല്ല ഫൈറ്റ് ചെയ്തതെന്നും അദ്ദേഹം പുലിയെ തൊട്ടിട്ട് പോലുമില്ലെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെല്ലാമുള്ള മറുപടിയുമായാണ് ലാല്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്.
 
നിങ്ങള്‍ എന്തു വിശ്വസിക്കുന്നുവോ അത് തന്നെയാണ് സിനിമയിലെ സത്യമെന്നാണ് ലാല്‍ പറയുന്നത്. മോഹന്‍ലാല്‍ പുലിയുമായി ഫൈറ്റ് ചെയ്തിട്ടില്ലെന്നാണ് ഒരാള്‍ പറയുന്നതെങ്കില്‍ അത് അയാളുടെ വിശ്വാസമാണ്. അല്ലെങ്കില്‍ മറ്റൊരാള്‍ പറയുകയാണ്, അതില്‍ ചില ഷോട്ടുകളെല്ലാം റിയലായി തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. അങ്ങിനെ വിശ്വസിക്കാനായിരിക്കും അയാള്‍ ഇഷ്ടപ്പെടുക. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. ആ സിനിമയുടെ മിസ്റ്ററിയെ പൊളിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലാല്‍ പറഞ്ഞു.  
 
നമ്മളില്‍ പലരും അനാവശ്യമായി ചലഞ്ച് ചെയ്യുകയാണ്. നമ്മളെന്ത് പറഞ്ഞാലും ചിലപ്പോള്‍ സത്യമാകാം, അല്ലെങ്കില്‍ കള്ളവുമാകാം. എന്നുവെച്ച് ഇത് സംബന്ധിച്ച് പ്രതികരണത്തിനില്ല എന്നതല്ല അതിന്റെ അര്‍ത്ഥം, മറിച്ച് നിങ്ങളെന്ത് വിശ്വസിക്കുന്നുവോ അതിലാണ് കാര്യമെന്നും നടന്‍ പറഞ്ഞു. നമ്മളിതിനകത്ത് ഇടപെട്ടാല്‍ അതൊരു ഡിബേറ്റായി മാറും. പുലി എത്ര കിലോ ഉണ്ടായിരുന്നു എന്നതാകും അടുത്ത ചോദ്യം. സിനിമയുടെ മാജിക്കിനകത്ത് അത്തരത്തിലുള്ള ഒരു പാട് രഹസ്യങ്ങള്‍ ഉണ്ടാവുമെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.
Next Article