ഏഴ് വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജിന് നായികയായി പാർവതി തിരുവോത്ത് എത്തുന്നു. നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'നോബഡി'യിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. സുപ്രിയ മേനോനും പാർവതിയും പൃഥ്വിയും പങ്കുവച്ച പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. മമ്മൂട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം റോഷാക്കിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഇ4 എന്റർടെയ്ൻമെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിര്‍മാണം. സമീർ അബ്ദുൾ തിരക്കഥ ഒരുക്കുന്നു. ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമാണ് നിസാം ബഷീർ ആദ്യം സംവിധാനം ചെയ്ത ചിത്രം. ഇബിലീസ്, റോഷാക്ക്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ ആളാണ് സമീർ അബ്ദുൾ.
ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും സസ്‌പെൻസും ശക്തമായ കഥാപാത്രങ്ങളും നിറഞ്ഞ ഒരു ചിത്രം ആകും ഇതെന്ന് നിർമ്മാതാക്കൾ സൂചന നൽകിയിട്ടുണ്ട്. എന്നു നിന്റെ മൊയ്തീൻ, കൂടെ, മൈ ലവ് സ്റ്റോറി എന്നീ സിനിമകൾക്കുശേഷം ആണ് ഇരുവരും ഈ ചിത്രത്തിൽ ഒന്നിക്കുന്നത്.