വിഷു റിലീസിനെത്തിയ സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചത്. നാല് വിഷു ചിത്രങ്ങളിൽ ഒന്നാണ് ബേസിൽ ജോസഫ് നായകനായ മരണമാസ്. ടോവിനോ തോമസ് നിർമ്മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മരണമാസ്സ്. മോളിവുഡ് ബോക്സ് ഓഫീസില്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന നായക താരമാണ് ഇപ്പോള്‍ ബേസില്‍ ജോസഫ്. മരണമാസ്സില്‍ ആ വിജയത്തുടര്‍ച്ചയ്ക്ക് ബേസിലിന് സാധിക്കുമോ എന്നാണ് സിനിമാ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ, ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ റിപ്പോർട്ട് പുറത്ത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടിയ നെറ്റ് കളക്ഷന്‍ 1.1 കോടിയാണ്. മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങളും തമിഴില്‍ നിന്ന് അജിത്ത് കുമാര്‍ ചിത്രവും ഒരുമിച്ച് എത്തിയ ദിവസമായിരുന്നു ഇന്നലെ. ഇത് പരിഗണിക്കുമ്പോള്‍ മോശമില്ലാത്ത കളക്ഷനാണ് ഇത്.
അതേസമയം മലയാളം വിഷു ചിത്രങ്ങള്‍ വാരാന്ത്യ ബോക്സ് ഓഫീസില്‍ എത്ര നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍. ഒരു പക്കാ ഫൺ റൈഡ് തന്നെയാണ് മരണമാസ്സ്. രസകരമായ തിരക്കഥയ്ക്കും ശിവപ്രസാദിന്റെ സംവിധാന മികവിനും കയ്യടി ലഭിക്കുന്നുണ്ട്. ഇത്തരമൊരു രസകരമായ സിനിമ നിർമിച്ച ടൊവിനോ തോമസിനെയും പലരും പ്രകീർത്തിക്കുന്നുണ്ട്.
വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ.