പ്രേമത്തെക്കുറിച്ച് പറഞ്ഞത് പറഞ്ഞതുതന്നെയെന്ന് കമല്‍

Webdunia
ചൊവ്വ, 28 ജൂലൈ 2015 (16:06 IST)
പ്രേമം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും യുവതലമുറയെ വഴിതെറ്റിക്കുന്നുമെന്നുള്ള സംവിധായകന്‍ കമലിന്റെ പ്രസ്താവനയ്ക്കെതിരെ വന്‍ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നത്. കമലിന്റെ പ്രസ്താവനയ്ക്കെതിരെ പ്രമുഖ സംവിധായകനായ ഫാസിലും വിമര്‍ശനമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്വന്തം പ്രസ്താവന പിന്‍വലിക്കാനില്ല എന്ന നിലപാടിലാണ് കമല്‍. സൌത്ത് ലൈവിന് അനുവദിച്ച അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമ കാണുന്ന ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായമുണ്ടെന്നും പ്രേമത്തെക്കുറിച്ച് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും കമല്‍ പറഞ്ഞു.താന്‍ പറഞ്ഞതില്‍നിന്ന് ചില വാചകങ്ങള്‍ മാത്രം അടര്‍ത്തി എടുത്ത് ചര്‍ച്ചയാക്കി വിവാദമുണ്ടാക്കുകയാണ് ചെയ്തതെന്നും പൈറസി എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് പരാമര്‍ശവുമുണ്ടായതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്ന സിനിമകള്‍ മാത്രമാണ് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കും ഇക്കാര്യങ്ങളില്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്ന സന്ദേശം നല്‍കാനാണ് ശ്രമിച്ചതെന്നും കമല്‍ പറഞ്ഞു.  മഴയത്തുംമുന്‍പെയിലെ അധ്യാപക വിദ്യാര്‍ത്ഥി പ്രണയത്തേപ്പറ്റി ചോദിച്ചപ്പോള്‍ സിനിമ ഇറങ്ങിയ കാലത്തൊന്നും ആ സിനിമയെപ്പറ്റി ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കമല്‍ വ്യക്തമാക്കി.