തുറന്നുപറച്ചിലുകൾ അവസരങ്ങൾ കളയുന്നു; ചെയ്‌ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റായിട്ടും അവസരം ലഭിച്ചത് ഒരു ചിത്രത്തിലേക്ക് മാത്രം: വെളിപ്പെടുത്തലുകളുമായി പാർവതി

വ്യാഴം, 18 ഒക്‌ടോബര്‍ 2018 (10:40 IST)
'അമ്മ'യും ഡബ്ല്യൂസിസിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. അമ്മയുടെ നിലപാടുകളോട് വിയോജിപ്പ് തന്നെയാണെന്ന് ഒരിക്കൽ കൂടി ഊന്നിപ്പറയുകയാണ് നടിയും ഡബ്ല്യൂസിസി അംഗവുമായ പാര്‍വതി തിരുവോത്ത്. ഈ നിലപാടുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അതിൽ നിന്ന് മാറ്റമില്ലെന്നും നടി വ്യക്തമാക്കി.
 
അതേസമയം മീ ടൂവിനെക്കുറിച്ചും താരം വ്യക്തമാക്കി. ബോളിവുഡിലെ അവസ്ഥ കാണുമ്പോൾ അസൂയ തോന്നുന്നുവെന്നും മീ ടൂ വെളിപ്പെടുത്തലുകള്‍ നടത്തിയവര്‍ക്ക് പോലും സുരക്ഷയും അവസരങ്ങളും നല്‍കുകയാണ് ബോളിവുഡും ഹോളിവുഡുമൊക്കെ എന്നും താരം പറഞ്ഞു. എന്നാല്‍ മലയാളത്തിൽ നടക്കുന്നത് ഇങ്ങനെയല്ല. അവസരം നിഷേധിക്കില്ലെന്ന് പരസ്യമായി പറയുന്നതിനിടയിലും, തുറന്നുപറച്ചിലുകളുമായെത്തുന്നവര്‍ക്കും അക്രമത്തിനെതിരെ പ്രതികരിക്കുന്നവരുടേയും അവസരങ്ങള്‍ കളയുകയാണ് ചെയ്യുന്നത്. തങ്ങളുടെ കാര്യത്തില്‍ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് താരം പറയുന്നു.
 
തന്റെ വീട്ടുകാർ വരെ പേടിച്ചുനിൽക്കുകയാണ് ഇപ്പോഴെന്നും താരം പറഞ്ഞു. 'വീട് വരെ അഗ്നിക്കിരയാക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിട്ടും ഒരൊറ്റ സിനിമയിലേക്കുള്ള അവസരമാണ് തനിക്ക് ലഭിച്ചതെ'ന്നും താരം പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍