ദിലീപിനെ നായകനാക്കിയാണ് അരുണ്‍ ഗോപി തന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം മലയാളത്തിന് നല്‍കിയത്. പിന്നാലെ തന്റെ രണ്ടാമത്തെ ചിത്രത്തില്‍ നായകനായി പ്രഖ്യാപിച്ചത് പ്രണവ് മോഹന്‍ലാലിനേയും. ഇപ്പോഴിതാ, പ്രണവിന് ശേഷം ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
ഇതിഹാസങ്ങളുടെ ജീവചരിത്ര സിനിമകള്‍ക്ക് ഏറെ ഡിമാന്റുള്ള ഈ കാലത്ത് ഫുട്ബോള്‍ സൂപ്പര്‍താരമായ ഐ എം വിജയന്റെ ആത്മകഥയാണ് അരുണ്‍ ഗോപി സിനിമയാക്കുന്നതെന്നാണ് സൂചന. ഇന്ത്യന്‍ ജഴ്സിയില്‍ മിന്നിയ, മലയാളികള്‍ കറുത്ത മുത്തെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന വിജയന്റെ ആത്മകഥ പറയുന്ന ചിത്രത്തില്‍ വിജയനാകുന്നത് നിവിന്‍ പോളിയാണെന്ന് ഇന്ത്യാ ഗ്ലിറ്റ്സ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.
ഫുട്ബോള്‍ ഇതിഹാസം വിപി സത്യന്റെ ആത്മകഥ അടുത്തിടെ ക്യാപ്റ്റെന്ന പേരില്‍ മലയാളികള്‍ക്കു മുന്നിലെത്തിയിരുന്നു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ഈ സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇതിനിടയിലാണ് വിജയന്റെ കഥയും സിനിമയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ക്രിക്കറ്റും ഫുട്ബോളും പരിശീലിക്കുന്നതിന്റെ ചിത്രങ്ങള്‍ നിവിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെയാണ് വിജയനായി അഭിനയിക്കാന്‍ പോവുന്നതിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് നിവിന്‍ പരിശീലനം നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നത്.