'ആ സ്റ്റൈൽ ഒന്ന് നോക്കിയേ, എന്നാ ലുക്കാന്നേ': കടന്നു പോയത് 20 വർഷങ്ങൾ, അന്നും ഇന്നും മാറ്റമില്ലാതെ മമ്മൂട്ടിയും നയൻതാരയും

നിഹാരിക കെ.എസ്

തിങ്കള്‍, 10 ഫെബ്രുവരി 2025 (12:30 IST)
മലയാള സിനിമ ഒന്നടങ്കം കാത്തിരിയ്ക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്റെ എംഎംഎംഎന്‍. മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചഭിനയിയ്ക്കുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരോടൊപ്പം നയൻതാരയും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. മമ്മൂട്ടിയുടെ നായികയാണ് നയൻതാര. സെറ്റിലെത്തിയ നയന്‍ മമ്മൂട്ടിയെ കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 
 
അരുവരുടെയും ആ സ്‌റ്റൈലും ലുക്കും പ്രഭയും ആളുകളെ ആകര്‍ഷിക്കുന്നതാണ്. എന്നും സൗന്ദര്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന രണ്ട് പേര്‍ എന്നാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍. അതിശയോക്തി ആണെങ്കിലും സംഭവം ശരിയാണ്. മമ്മൂട്ടിയും നയന്‍താരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. 2005 ല്‍ പുറത്തിറങ്ങിയ തസ്‌കരന്‍ വീരന്‍ എന്ന ചിത്രത്തിലായിരുന്നു ഇത്. മമ്മൂട്ടി അറക്കളം കൊച്ചുബേബിയായും നയന്‍താര തങ്കമണിയായും എത്തിയ ചിത്രം സ്റ്റൈലിഷ് ആയിരുന്നു. 
 
അതിനുശേഷമായിരുന്നു രാപ്പകൽ റിലീസ് ആയത്. തമിഴകത്ത് ഗ്ലാമര്‍ റോളില്‍ മിന്നി നില്‍ക്കുന്ന സമയത്താണ് നയന്‍ മമ്മൂട്ടിയുടെ നായികയായി, രാപ്പകലിലെ വേലക്കാരിയായി തിരിച്ചെത്തിയത്. അതിന് ശേഷം ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, പുതിയ നിയമം എന്നീ ചിത്രങ്ങളിലും നയനും മമ്മൂട്ടിയും ഒന്നിച്ചു. ഒന്നിച്ചപ്പോഴൊക്കെ ഹിറ്റുകൾ മാത്രമാണ് ഇവർ സമ്മാനിച്ചത്. 
 
അതേസമയം, മോഹന്‍ലാലിനൊപ്പമുള്ള നയന്‍താരയുടെ മൂന്നാമത്തെ സിനിമയാണിത്. വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. പിന്നീട് നാട്ടുരാജാവ് എന്ന ചിത്രത്തില്‍ ലാലിന്റെ പെങ്ങളായും നയന്‍ എത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍