Mohanlal: മോഹന്‍ലാല്‍ ചിത്രം 'തുടരും' മേയ് 15 നു ഒടിടിയില്‍ എത്തും, ഹോട്ട്സ്റ്റാര്‍ വാങ്ങിയത് വന്‍ തുകയ്ക്ക്; തിയറ്റര്‍ റിലീസ് എപ്പോള്‍?

രേണുക വേണു

തിങ്കള്‍, 10 ഫെബ്രുവരി 2025 (08:55 IST)
Mohanlal: മോഹന്‍ലാല്‍ ചിത്രം 'തുടരും' മേയില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ 20 കോടിക്കാണ് 'തുടരും' സിനിമയുടെ റൈറ്റ് വാങ്ങിയിരിക്കുന്നതെന്നാണ് വിവരം. മേയില്‍ ഒടിടി റിലീസ് ഉള്ളതിനാല്‍ ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് ഏപ്രിലില്‍ ആയിരിക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. 
 
ജനുവരി 30 നു 'തുടരും' തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഒടിടി പ്ലാറ്റ്‌ഫോമിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് റിലീസ് മാറ്റേണ്ടി വന്നു. ഒടിടി ചാര്‍ട്ടിങ് പ്രകാരം ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് ഏപ്രിലിലോ മേയിലോ മാത്രമേ സാധിക്കൂ.
 
2025 ല്‍ മലയാളികള്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'തുടരും'. വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം. തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മാണം. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്സ് ബിജോയിയുടേതാണ് സംഗീതം. 
 
ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകളെല്ലാം 'തുടരും' ഒരു കുടുംബ ചിത്രമാണെന്ന സൂചന നല്‍കുന്നതാണ്. എന്നാല്‍ തരുണ്‍ മൂര്‍ത്തിയുടെ മുന്‍ സിനിമകള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ ഉറപ്പായും വലിയൊരു സസ്പെന്‍സ് ചിത്രത്തിലുണ്ടാകുമെന്ന് പ്രവചിക്കുന്നു. ഫീല്‍ ഗുഡ് സിനിമയെ പോലെ അപ്ഡേറ്റുകളില്‍ നിന്ന് തോന്നുമെങ്കിലും മറ്റൊരു ദൃശ്യമാകാനും സാധ്യതയുണ്ടെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍