മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിട്ട് അവന്‍ എന്നെ തൊഴുതു, ഗോപാലകൃഷ്ണന്‍ എന്നാണ് പേരെന്ന് പറഞ്ഞു; ദിലീപ് ചാന്‍സ് ചോദിച്ച് തന്റെ മുന്നിലെത്തിയ സംഭവം വിവരിച്ച് നാദിര്‍ഷ
സ്റ്റേജ് ഷോകളില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിര്‍ഷായും തമ്മിലുള്ളത്. സിനിമയില്‍ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. തന്റെ മുന്നില്‍ ചാന്‍സ് ചോദിച്ച് ദിലീപ് ഒരിക്കല്‍ വന്ന സംഭവം നാദിര്‍ഷ വെളിപ്പെടുത്തുകയാണ്. ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നാദിര്‍ഷ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവം ഓര്‍ത്തെടുത്തത്.
'ഞാന്‍ ദിലീപിനെ പരിചയപ്പെടുന്ന കാലത്ത് കൊച്ചിന്‍ ഓസ്‌കാര്‍ എന്ന ട്രൂപ്പില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അന്ന് ദിലീപിന് ഒരു ട്രൂപ്പിലും കയറി പറ്റാന്‍ സാധിച്ചിരുന്നില്ല. ഒരിക്കല്‍ ഞാന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യാനായി എറണാകുളത്തുള്ള ഒരു ബസ്റ്റോപ്പിലെ ബൂത്തില്‍ നില്‍ക്കുകയായിരുന്നു. അതിനിടെ വെറുതെ ചുറ്റും പാളി നോക്കിയപ്പോള്‍ മുണ്ടുടുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ എന്നെ നോക്കി നില്‍ക്കുന്നു. ഞാന്‍ ശ്രദ്ധിക്കുന്നുവെന്ന് കണ്ടപ്പോള്‍ അവന്‍ ഉടനെ മടക്കി കുത്തിയ മുണ്ട് അഴിച്ചിട്ടിട്ട് വിനയം കാണിക്കാന്‍ തൊഴുത് കാണിച്ചു. പേര് ഗോപാലകൃഷ്ണനെന്നാണെന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ താന്‍ മിമിക്രി ചെയ്യുമെന്നും കൊച്ചിന്‍ ഓസ്‌കാറില്‍ അവസരം വാങ്ങിത്തരണമെന്നും പറഞ്ഞു. അന്ന് ആവശ്യത്തിന് ആളുകള്‍ ട്രൂപ്പില്‍ ഉണ്ടായിരുന്നതിനാല്‍ ചാന്‍സ് കിട്ടില്ലെന്ന് ദിലീപിനോട് പറഞ്ഞു,'
'പിന്നീട് മിമിക്രിയിലെ ഗുരുവിന്റെ ക്ഷണ പ്രകാരം ഒരു കലോത്സവത്തില്‍ എനിക്ക് വിധികര്‍ത്താവായി പോകേണ്ടിവന്നു. എന്നെ അവിടെ ജഡ്ജായി കൊണ്ടുപോയത് അദ്ദേഹത്തിന് മിമിക്രിയില്‍ ഫസ്റ്റ് വാങ്ങാനാണ്. ഞാന്‍ ജഡ്ജിങ്ങിന് ഇരുന്നപ്പോള്‍ കുറച്ച് ദിവസം മുന്‍പ് കണ്ട ചെറുപ്പക്കാരന്‍ മിമിക്രി അവതരിപ്പിക്കുന്നത് കണ്ടു. നിരവധി സിനിമാ താരങ്ങളെ മനോഹരമായി ദിലീപ് അവതരിപ്പിച്ചു. അവന്റെ പ്രകടനം കണ്ട് ഗുരുവിനെ മറന്ന് ഞാന്‍ ദിലീപിന് ഫസ്റ്റ് കൊടുത്തു. അന്ന് ഞാന്‍ ദിലീപിനെ കണ്ട് കൊച്ചിന്‍ ഓസ്‌കാറിലേക്ക് വരാന്‍ പറഞ്ഞു. അന്ന് അഴിടെ മുതല്‍ തുടങ്ങിയതാണ് ദിലീപുമായുള്ള സൗഹൃദം,' നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.