സിനിമ നിരോധിച്ച് പ്രാര്‍ഥനസംഘങ്ങള്‍ ആരംഭിക്കൂ‍: മുരളി ഗോപി

Webdunia
തിങ്കള്‍, 24 ഓഗസ്റ്റ് 2015 (15:34 IST)
സിനിമ നിരോധിച്ച് പ്രാര്‍ഥനസംഘങ്ങള്‍ തുടങ്ങണമെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. നേരത്തെ പുതുതലമുറ സിനിമകളെ രൂക്ഷമായി വിമര്‍ശിച്ച് ഡിജിപി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അതെ നമക്കും ചുറ്റും സംഭവിക്കുന്നതിനെല്ലാം ഉത്തരവാദി  സിനിമയാണ് . റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന സിനിമ കണ്ടവരെല്ലാം ഗാന്ധിയന്മാരായി മാറി. പാഷന്‍ ഓഫ്‍ ദ് ക്രൈസ്റ്റ് കണ്ടവര്‍ അടിയുറച്ച ക്രൈസ്തവരായി മാറി. കൊപ്പോളയുടെ ഗോഡ്ഫാദര്‍ കണ്ടവര്‍ കുറ്റവാളികളായി മാറി. അതുപോലെ പ്രേമം സിനിമ കണ്ട യുവാക്കള്‍ വഴിതെറ്റിയവരും.

അതിനാല്‍ സിനിമകളെ നിരോധിച്ച്  പ്രാര്‍ഥനസംഘങ്ങളെ ആരംഭിക്കാം. അപ്പോള്‍  യുദ്ധങ്ങളോ, സ്വേച്ഛാധിപതികളോ,പീഡനങ്ങളോ, കൊള്ളയോ, യുവാക്കള്‍ അവരുടെ അധ്യാപകരുമായി പ്രണയത്തിലാകുകയോ ചെയ്യാത്ത ഒരു സ്ഥലമായി ലോകം മാറുമോ എന്ന് കാണാം മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ  ന്യൂജനറേഷൻ സിനിമകളിൽ സ്ത്രീകഥാപാത്രങ്ങൾക്കു നെഗറ്റീവ് വേഷമാണെന്നും മദ്യത്തിനും മയക്കുമരുന്നിനുമാണ് ഇത്തരം സിനിമകൾ പ്രാധാന്യം നൽകുന്നതെന്നും ഡിജിപി സെന്‍കുമാര്‍ വിമര്‍ശിച്ചിരുന്നു.