ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ ടീസറെത്തി. ഒടിയൻ മാണിക്യന്റെ ചെറുപ്പകാലത്തെ രൂപമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറെ ആകാംഷയോടെയാണ് ആരാധകർ ടീസറിനായി കാത്തിരുന്നത്. പറഞ്ഞതു പോലെ ഒടിയൻ മാണിക്യൻ ഞെട്ടിച്ചു.
ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം വരുന്നുവെന്ന് വാർത്തയുണ്ടായിരുന്നു. പറഞ്ഞത് പോലെ രൂപം മാറി, ഒടിയൻ ചെറുപ്പമായി. ഇനിയാണ് കളി. ഒടിയന്റെ ചെറുപ്പകാലം അവതരിപ്പിക്കാൻ 18 ഭാരം കുറച്ച മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
ശരീരഭാരം കുറയ്ക്കുന്നതിനായി ആറുമണിക്കൂര്‍ വരെയായിരുന്നു ദിവസവും ജിമ്മില്‍ ചെലവഴിച്ചത്. ലാലേട്ടന്‍റെ ഡയറ്റും വര്‍ക്കൌട്ടും മോണിറ്റര്‍ ചെയ്യാന്‍ 25 അംഗ ടീമാണ് പ്രവര്‍ത്തിച്ചത്. ഫ്രാൻസിൽ നിന്നുള്ള പ്രത്യേക സംഘത്തിനു കീഴിൽ ഏകദേശം 50 ദിവസത്തോളം നീണ്ട പരിശീലനത്തിനു ശേഷമാണ് മോഹൻലാൽ ശരീരഭാരം കുറച്ചത്.
ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.
വിഷ്വല്‍ ഇഫക്റ്റ്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഇതിനു മാത്രമായി 10 കോടി രൂപയാണ് മുടക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്നാണ്. പണ്ടുകാലത്തെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഒടിവിദ്യ ഉള്‍പ്പടെ വശമുള്ള ഒടിയന്‍ മാണിക്യം എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമാണുള്ളത്.