പട്ടാള സിനിമയിൽ അഭിനയിച്ചാൽ കേണൽ പദവി കിട്ടുമോ? അതായിരുന്നുവോ ലക്ഷ്യം? - വിവാദങ്ങൾക്ക് മറുപടിയുമായി മോഹൻലാൽ

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (12:35 IST)
മോഹന്‍ലാലിന് ലെഫ്.കേണല്‍ പദവി നല്‍കിയത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഏറെ ആവേശവും സന്തോഷവും നൽകിയ വാർത്തയായിരുന്നു. എന്നാൽ, ഏറെ വിവാദമായ സംഭവമായിരുന്നു അത്. മൂന്ന്, നാല് പട്ടാള സിനിമയിൽ അഭിനയിച്ചത് കൊണ്ട് മാത്രമാണ് മോഹൻലാലിനു കേണൽ പദവി ലഭിച്ചതെന്നും അദ്ദേഹം അത് അർഹിക്കുന്നില്ലെന്നും വരെ വിമർശകർ പറഞ്ഞു. 
 
വിവാദങ്ങൾ ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിഷയത്തോട് മോഹൻലാൽ വർഷങ്ങൾക്ക് ശേഷം പ്രതികരിക്കുന്നു. കുറേ സിനിമകള്‍ ചെയ്തതുകൊണ്ട് കിട്ടിയതല്ല തനിക്ക് കേണല്‍ പദവി എന്ന് മോഹന്‍ലാല്‍ പറഞ്ഞു. മംഗളം പ്രസിദ്ധീകരണമായ കന്യകയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍. 
 
കേണൽ പദവി ആഗ്രഹിച്ചിട്ടാണോ പട്ടാള സിനിമകളിൽ അഭിനയിച്ചതെന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. 'ഞാന്‍ ആദ്യം ഒരു പട്ടാള സിനിമ ചെയ്തു. അതിന്റെ ചിത്രീകരണ വേളയിലാണ് പട്ടാലക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞത്. അപ്പോൾ എനിക്കും പട്ടാളത്തിൽ ചേരണമെന്ന് തോന്നി'.-  മോഹൻലാൽ പറയുന്നു.
 
'അന്വേഷിച്ചപ്പോള്‍ ടെറിറ്റോറിയല്‍ ആര്‍മിയെ പറ്റി അറിഞ്ഞു. നമ്മുടെ താത്പര്യം അറിഞ്ഞ്, കൂടുതല്‍ അന്വേഷണങ്ങളൊക്കെ നടത്തി അവരെന്നെ ഗുഡ് വില്‍ അംബാസിഡറായി നിയോഗിക്കുകയായിരുന്നു. ഞാൻ ചേര്‍ന്ന ശേഷം നമ്മുടെ നാട്ടില്‍ നിന്ന് സേനയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ നാല്‍പത് ശതമാനം വര്‍ധനവുണ്ടായി എന്നാണ് എന്റെ അറിവ്' - മോഹൻലാൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article