മോഹൻലാലിനെ കാണാൻ മൂന്ന് മണിക്കൂർ വേണമെങ്കിലും ജനങ്ങൾ ഇരിക്കും, പക്ഷേ അത് ബാധിക്കുന്നത് മറ്റുള്ളവരുടെ ചിത്രങ്ങളെയാണ്: വിനീത്

ചൊവ്വ, 13 ഡിസം‌ബര്‍ 2016 (15:11 IST)
തീയേറ്ററിൽ ദേശീയഗാനം കേൾപ്പിക്കണമെന്നും ആദരസൂചകമായി എഴുന്നേറ്റ് നിൽക്കണമെന്നുമുള്ള സുപ്രിംകോടതി ഉത്തരവ് ഇറങ്ങിയതുമുതൽ ഇതുമായി ബന്ധപ്പെട്ട വാദ - പ്രതിവാദങ്ങളും മുറയ്ക്ക് നടക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും പ്രതികരിച്ചു. സിനിമക്കുമുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയത് രണ്ടുമണിക്കൂറില്‍ ചുരുക്കി ചെറിയ സിനിമയെടുക്കുന്നവര്‍ക്ക് വെല്ലുവിളിയാണെന്ന് വിനീത് പറഞ്ഞു‍. പുതുമുഖ സംവിധായകന്‍ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബി എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം പ്രസ്മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു വിനീത്.
 
മോഹന്‍ലാലിനെ കാണാന്‍ മൂന്നു മണിക്കൂര്‍ വേണമെങ്കിലും പ്രേക്ഷകർ തിയേറ്ററില്‍ ഇരിക്കും. പക്ഷേ, സൂപ്പര്‍ സ്റ്റാറുകളുടെ അല്ലാതെ മറ്റുള്ളവരുടെ സിനിമകള്‍ക്ക് ദൈര്‍ഘ്യം കൂടിയാല്‍ തിയേറ്ററില്‍ പ്രതികൂലമായി ബാധിക്കും. ചുരുക്കി കഥപറയാന്‍ ശ്രമിക്കുന്ന സംവിധായകന് 52 സെക്കന്‍ഡ് പോലും നിര്‍ണായകമാണ്. കഥക്കു പുറമെയുള്ള ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ സിനിമയുടെ ദൈര്‍ഘ്യമാണ് കൂടുന്നത്.  സമയം കുറക്കാന്‍ മാത്രം സിനിമ എഡിറ്റ് ചെയ്യേണ്ടി വരുന്നതിനെയാണ് ഭയപ്പെടുന്നത്. 
 
തന്റെ അഭിപ്രായം പറഞ്ഞു എന്ന് കരുതി തനിക്ക് ദേശസ്നേഹം ഇല്ലായെന്ന് കരുതരുത്, തനിക്ക് ഉറച്ച ദേശഭക്തിയുണ്ടെന്ന കാര്യത്തിൽ ആരും സംശയിക്കേണ്ടെന്നും വിനീത് പറഞ്ഞു. വിവാദമാകുന്ന അഭിപ്രായങ്ങള്‍ പറയാതിരിക്കുകയാണ് തന്റെ ശൈലി അതാണ് തനിക്ക് ഇഷ്ടമെന്നും വിനീത് വ്യക്തമാക്കി. തന്റേതായ ശൈലിയില്‍ നല്ല സന്ദേശങ്ങള്‍ പ്രേക്ഷകര്‍ക്കു കൈമാറുന്ന സിനിമകളാണ് താന്‍ ചെയ്തിട്ടുള്ളത്. നടന്‍ നിവിന്‍പോളിയും താനും ഒരുമിക്കുമ്പോള്‍ ഭാഗ്യം രണ്ടുപേര്‍ക്കും ഉണ്ടാകുന്നുണ്ടെന്നും വിനീത് കൂട്ടിച്ചേർത്തു.
 

വെബ്ദുനിയ വായിക്കുക