മമ്മൂട്ടിയുണ്ട്, പക്ഷേ മോഹൻലാൽ ഇല്ല?

Webdunia
ചൊവ്വ, 13 ഡിസം‌ബര്‍ 2016 (11:56 IST)
മമ്മൂട്ടിയും മോഹൻലാലും അവസാനമായി ഒന്നിച്ചത് ട്വിന്റി- ട്വിന്റി എന്ന മാസ് ചിത്രത്തിനു വേണ്ടിയായിരുന്നു. താരരാജാക്കന്മാർ ഇനി എന്നാണ് ഒന്നിക്കുന്നത് എന്നോർത്ത് കാത്തിരുന്ന ആരാധകർക്കിടയിലേക്ക് ഇരുവരും ഉദയ്കൃഷ്ണയുടെ സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഇരുകയ്യും നീട്ടിയാണ് ആരാധകർ ഈ വാർത്തയെ സ്വാഗതം ചെയ്തത്.
 
പുലിമുരുകന്റെ തിരക്കഥാകൃത്തായ ഉദയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നുവെന്ന വാർത്ത നിഷേധിക്കുകയാണ് ഉദയ്. ഇത്തരമൊരു പ്രൊജക്ടിനെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്ന് ഉദയ് വ്യക്തമാക്കുന്നു. ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കുമെന്നാണ് വാര്‍ത്തകള്‍ വന്നത്. അങ്ങനെയൊരു ചിത്രം ഉണ്ടെങ്കില്‍ നല്ല രീതിയില്‍ തന്നെ അവര്‍ പ്രഖ്യാപിക്കുമായിരുന്നില്ലേ എന്നും ഉദയ് ചോദിക്കുന്നു.
 
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ രചനയിലാണ് താനെന്നും ഉദയ്കൃഷ്ണ വ്യക്തമാക്കി. ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി. മമ്മൂട്ടി പ്രൊജക്ട് കൂടാതെ ദിലീപിനും ജയറാമിനും വേണ്ടിയുള്ള സിനിമകളുടെ രചനയിലുമാണ് താനെന്നും ഉദയകൃഷ്ണ പറഞ്ഞു. ഉദയകൃഷ്ണ ആദ്യമായി സ്വതന്ത്ര തിരക്കഥാകൃത്തായ പുലിമുരുകന്‍ മലയാളത്തിലെ ആദ്യത്തെ നൂറ് കോടി പിന്നിട്ട ചിത്രമായി പ്രദര്‍ശനം തുടരുകയാണ്.
 
Next Article