ആദ്യമായി മലയാളത്തിൽ നിന്ന് 50 കോടി ക്ലബ്ബിൽ ഇടം നേടിയത് മോഹൻലാലാണ്. ദൃശ്യത്തിലൂടെ 50 കോടി തൊട്ട നടൻ പുലിമുരുകനിലൂടെ നൂറുകോടി ക്ലബ്ബിലും ആദ്യമായി ഇടം നേടിയ മലയാള താരമായി മാറി. മലയാളത്തിൻറെ താര രാജാവിന് പഴയ റെക്കോർഡുകൾ ഓരോന്നായി യുവതാരങ്ങൾക്ക് മുന്നിൽ വെച്ച് മാറിനിൽക്കേണ്ട അവസ്ഥയാണ് ഇപ്പോൾ.മലയാളത്തിന്റെ ബോക്സ് ഓഫീസ് ടോപ് ത്രീയില്‍ നിന്ന് പുറത്തായി എന്നതാണ് ആരാധകരെ നിരാശരാക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ കണക്കുകളിൽ മൂന്നാം സ്ഥാനത്ത് മോഹൻലാലിൻറെ പുലിമുരുകനായിരുന്നു. എന്നാൽ പൃഥ്വിരാജിന്റെ ആടുജീവിതം 140 കോടി കളക്ഷൻ പിന്നിട്ടതോടെ പുലിമുരുകൻ പിന്നിലായി. ഇതോടെ മൂന്നാം സ്ഥാനം മോഹൻലാലിനെ നഷ്ടമായി. വർഷങ്ങളായി മോഹൻലാലിൻറെ പേരിൽ ഉണ്ടായ നേട്ടങ്ങളാണ് യുവതാരങ്ങൾ മറികടന്നിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ കളക്ഷനില്‍ ഇങ്ങനെ മോഹൻലാല്‍ നാലാമാതാകുന്നത് 1987ന് ശേഷം ആണ്. ആഗോള കളക്ഷനിൽ നിലവിൽ ഒന്നാം സ്ഥാനം മഞ്ഞുമ്മൽ ബോയ്സ് ആണ്. 250 കോടിയിലേറെ കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു. രണ്ടാം സ്ഥാനം ടോവിനോ തോമസിന്റെ 2018. 176 കോടി കളക്ഷനാണ് സിനിമ നേടിയത്.
മോഹൻലാലും മമ്മൂട്ടിയും ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ ഇനിയും സൃഷ്ടിക്കാൻ കരുത്തുള്ളവരാണ്. വിജയ് ട്രാക്കിൽ മോഹൻലാൽ എത്തുകയെ വേണ്ടൂ. മലയാള സിനിമയിൽ പുതു റെക്കോർഡുകൾ പിറക്കും കാലത്തിനായി കാത്തിരിക്കാം.