നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് 'മാമാങ്കം'. 12 വര്‍ഷത്തെ അന്വേഷണത്തിനും പഠനത്തിനും ഒടുവിലാണ് സജീവ് മാമാങ്കത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിങ് സംബന്ധിച്ച വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എന്നാൽ, വിവരങ്ങൾ പുറത്തുവിടുന്നതിനു മുന്നേ ചിത്രത്തിന്റെ ഫാൻ മെയ്ഡ് ടീസർ പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടിയോടൊപ്പം തമിഴ് നടൻ ചിയാൻ വിക്രമും ആര്യയും ടീസറിലുണ്ട്. തെന്നിന്ത്യൻ താരസുന്ദരിമാരായ നയൻതാരയും ശ്രിയ ശരണുമാണ് നായികമാർ. നടൻ സിദ്ദിഖ് ഈ ഫാൻ മെയ്ഡ് ടീസർ തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ, ചിത്രത്തിൽ ഇവരെല്ലാം ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തമല്ല.
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് മാമാങ്കം. അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തരായ സാങ്കേതിക വിദഗ്ധരാണ് മാമാങ്കത്തിനൊപ്പം സഹകരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.
മാമാങ്കത്തിനായി മമ്മൂട്ടി കളരിപയറ്റ് പരിശീലിക്കുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്‍റെ കഥയാണ് ഈ സിനിമ പറയുന്നത്. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്നും സംവിധായകൻ നേരത്തേ പറഞ്ഞിരുന്നു.
ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ നേരത്തെയും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മെഗാ സ്റ്റാറിന്റെ കരിയറില്‍ തന്നെ ഇതുവരെ കാണാത്ത രൂപഭാവഭേദവുമായാണ് ഈ ചിത്രത്തില്‍ എത്തുന്നത്. പെർഫെക്ഷന് വേണ്ടി കളരിപ്പയറ്റ് പോലുള്ള ആയോധനകലകള്‍ അഭ്യസിക്കേണ്ടി വരുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.