തിരക്കുകളിലാണെങ്കിലും ജനശ്രദ്ധ നേടുന്ന സിനിമകൾ കാണാൻ പ്രത്യേകം സമയം കണ്ടെത്തുന്ന ആളാണ് മമ്മൂട്ടി. മോഹൻലാലിന്റെ പുലിമുരുകൻ ഹോം തിയറ്ററിലെ ക്യൂബ് സംവിധാനം ഉപയോഗിച്ച് മമ്മൂക്ക കണ്ടത് ഏറെ ശ്രദ്ധനേടിയിരുന്നു. അതേപോലെ തന്നെ ഇപ്പോൾ വിജയ് സേതുപതിയുടെ '96' ഉം മമ്മൂട്ടി കണ്ടെന്നുള്ള വാർത്തകളാണ് വരുന്നത്.
മമ്മൂക്കയ്‌ക്കൊപ്പം ദുൽഖറും ഈ ചിത്രം കാണാൻ ഉണ്ടായിരുന്നു. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം തമിഴ് ജനത മാത്രമല്ല സിനിമാ പ്രേമികൾ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ, വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തിയറ്ററുകൾ കീഴടക്കിയത് '96' ആയിരുന്നു.
ഒരു ബിഗ് ബജറ്റ് ചിത്രമല്ലെങ്കിലും 96 ഇതിനകം തന്നെ കോടികളാണ് വാരിക്കൂട്ടിയത്. നിലവില്‍ ചിത്രം 50 കോടി ക്ലബ്ബിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. തമിഴ്‌നാട്ടിലടക്കമുള്ള മറ്റ് സെന്ററുകളില്‍ റെക്കോര്‍ഡ് നേട്ടമാണെന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. കൃത്യമായ കണക്ക് വിവരം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.