മോഹന്‍ലാലോ സുരേഷ് ഗോപിയോ ചെയ്യട്ടെ, തനിക്കു വേണ്ടെന്ന് മമ്മൂട്ടി !

അനിരാജ് എ കെ
തിങ്കള്‍, 9 മാര്‍ച്ച് 2020 (15:05 IST)
മമ്മൂട്ടി അവതരിപ്പിക്കാത്ത കഥാപാത്രമുണ്ടോ? ഇല്ലെന്ന് തന്നെ പറയേണ്ടി വരും. എല്ലാ രീതിയിലുമുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. വർഷം എത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്ന നിരവധി സിനിമകളുണ്ട്.
 
ഒരുപാട് സിനിമൾ മമ്മൂട്ടി വേണ്ടെന്ന് വെച്ചിട്ടുമുണ്ട്. അവയിൽ പലതും ബോക്സോഫീ‍സിൽ വമ്പൻ വിജയം കൈവരിച്ചിട്ടുമുണ്ട്. അവയിൽ ചില പ്രൊജക്ടുകൾ കേട്ടാൽ അമ്പരക്കും. എന്തുകൊണ്ടാണ് മമ്മൂട്ടി ഇത്രയും കിടിലൻ സ്ക്രിപ്റ്റ് ഒഴിവാക്കിയതെന്ന് ആലോചിച്ച് അതിശയിച്ചേക്കാം. മമ്മൂട്ടി വേണ്ടെന്ന് വെച്ച സിനിമകളിലൂടെ ഉയർന്ന് വന്ന താരങ്ങളുമുണ്ടെന്ന് ഓർക്കുമ്പോൾ അമ്പരന്നേക്കാം.
 
ഷാജി കൈലാസ് ‘ഏകലവ്യന്‍’ എന്ന സിനിമയിലെ രോക്ഷാകുലനായ മാധവന്‍ ഐ പി എസ് എന്ന കഥാപാത്രത്തിനായി ആദ്യം മനസിൽ കണ്ടത് മമ്മൂട്ടിയെ ആയിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ മമ്മൂട്ടി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറായില്ല. സുരേഷ്ഗോപി പിന്നീട് ആ കഥാപാത്രത്തെ അനശ്വരമാക്കുകയും ചിത്രം മെഗാഹിറ്റാകുകയും ചെയ്തു. സുരേഷ് ഗോപി എന്ന സൂപ്പർസ്റ്റാർ പിറന്നത് ആ ചിത്രത്തിലൂടെയാണ്.
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ നഷ്ടം മണിരത്നം ചിത്രം ഇരുവർ ആണ്. മണിരത്നം ആവശ്യപ്പെട്ടിട്ടും അവസാനം മമ്മൂട്ടി ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. പ്രകാശ് രാജ് അവതരിപ്പിച്ച തമിഴ് സെല്‍‌വന്‍ എന്ന കഥാപാത്രത്തെ ആയിരുന്നു മമ്മൂട്ടി അവതരിപ്പിക്കേണ്ടിയിരുന്നത്. മമ്മൂട്ടിയെ വച്ച് ഫോട്ടോഷൂട്ടുവരെ നടന്നതാണ്. എന്നാല്‍ പിന്നീട് മമ്മൂട്ടി ആ കഥാപാത്രം വേണ്ടെന്നുവച്ചു. പ്രകാശ്‌രാജ് ആ വേഷത്തിലൂടെ ദേശീയ പുരസ്കാരം നേടുകയും ചെയ്തു.
 
പൃഥ്വിരാജിന്റെ മികച്ച സിനിമകളിൽ ഒന്നാണ് മെമ്മറീസ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. സാം അലക്സിന്റെ കഥ മുഴുവൻ കേട്ടശേഷം ചെയ്യാമെന്ന് ഏറ്റെങ്കിലും പിന്നീട് മമ്മൂട്ടി പിന്മാറുകയായിരുന്നു. പൃഥ്വിരാജ് സാം അലക്സായി മാറുകയും മെമ്മറീസ് മെഗാഹിറ്റാകുകയും ചെയ്തത് ചരിത്രം.
 
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രവും മമ്മൂട്ടി വേണ്ടെന്ന് വെച്ചിരുന്നു. ഈ തീരുമാനം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയെ മോഹന്‍ലാല്‍ അനശ്വരമാക്കി.
 
മോഹൻലാൽ എന്ന സൂപ്പർതാരം ഉണ്ടാകാൻ കാരണവും മമ്മൂട്ടി തന്നെയാണെന്ന് വേണമെങ്കിൽ പറയാം. കാരണം, മോഹൻലാൽ എന്ന താരം ഉയർന്നുവന്ന ചിത്രമാണ് ‘രാജാവിന്റെ മകൻ‘. വിൻസന്റ് ഗോമസ് എന്ന അധോലോക നായകനായി സംവിധായകന്‍ തമ്പി കണ്ണന്താനം മനസില്‍ കണ്ടത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ മമ്മൂട്ടി പിന്‍‌മാറി. മോഹന്‍ലാല്‍ ആ കഥാപാത്രത്തിലൂടെ സൂപ്പർതാരമായി മാറുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article