ഒരു ചെറുപ്പക്കാരന്‍ മമ്മൂട്ടിയോട് കഥ പറയാന്‍ പോയ കഥ, പിന്നീടയാള്‍ ഒരു തകര്‍പ്പന്‍ മമ്മൂട്ടിച്ചിത്രം ഒരുക്കി!

വെള്ളി, 19 ജനുവരി 2018 (16:28 IST)
മലയാള സിനിമയില്‍ ഒട്ടേറെ സംവിധായകര്‍ അവരുടെ ആദ്യചിത്രം സംവിധാനം ചെയ്തത് മമ്മൂട്ടിയെ നായകനാക്കിയാണ്. ലാല്‍ ജോസ്, അമല്‍ നീരദ്, വൈശാഖ്, അന്‍‌വര്‍ റഷീദ്, ബ്ലെസി, അജയ് വാസുദേവ്, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങി ഹനീഫ് അദേനി വരെ ആ പട്ടിക നീളുന്നു. ഈ 26ന് റിലീസ് ചെയ്യുന്ന മമ്മൂട്ടിച്ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് ഷാംദത്ത് എന്ന ഛായാഗ്രാഹകന്‍റെ ആദ്യ സംവിധാന സംരംഭമാണ്.
 
സംവിധായകന്‍ രഞ്ജിത് ശങ്കറിന്‍റെ ആദ്യചിത്രത്തില്‍ മമ്മൂട്ടി ആയിരുന്നില്ല നായകന്‍. പക്ഷേ ആദ്യചിത്രമായ പാസഞ്ചറിന്‍റെ കഥ പറയാന്‍ രഞ്ജിത് ശങ്കര്‍ മമ്മൂട്ടിയെ കാണാന്‍ പോയിട്ടുണ്ട്.
 
“പാസഞ്ചറിന്‍റെ കഥ മമ്മുക്കയോടു പറയാന്‍ പളുങ്കിന്‍റെ ലൊക്കേഷനില്‍ പോയത് മറക്കാന്‍ പറ്റില്ല. 15 മിനിറ്റാണ് അനുവദിച്ച സമയം. ആദ്യമായാണ് ഞാനൊരു ഷൂട്ടിംഗ് നേരിട്ടുകാണുന്നത്. രാവിലെ തൊട്ട് കാത്തുനിന്ന് രാത്രി എട്ടുമണിക്കാണ് അദ്ദേഹത്തെ കാണാന്‍ വിളിച്ചത്” - രഞ്ജിത് ശങ്കര്‍ വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
 
“കഥ കേട്ട് അദ്ദേഹത്തിന് ഇഷ്ടമായി. ആര് സംവിധാനം ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു - “ലോകത്ത് ഒരാള്‍ക്കേ ഈ സിനിമ സംവിധാനം ചെയ്യാന്‍ പറ്റൂ, എനിക്കുമാത്രം”. മമ്മുക്ക പൊട്ടിച്ചിരിച്ചു. അദ്ദേഹം പിന്നെ ബ്ലെസിയോടും മറ്റും പറഞ്ഞു, ഈ ചെറുപ്പക്കാരന്‍റെ കൈയില്‍ നല്ലൊരു കഥയുണ്ട്. അത് സംവിധാനം ചെയ്യാനുള്ള ആത്മവിശ്വാസവുമുണ്ട്. ഇനിവേണ്ടത് പരിചയമാണ്, അതുണ്ടാകാന്‍ അവസരം ഒരുക്കിക്കൊടുക്കണം - ആ വാക്കുകളാണ് എനിക്ക് മുന്നോട്ടുപോകാന്‍ ധൈര്യം തന്നത്” - രഞ്ജിത് ശങ്കര്‍ വെളിപ്പെടുത്തുന്നു.
 
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ‘വര്‍ഷം’ എന്ന ചിത്രം രഞ്ജിത് ശങ്കര്‍ ഒരുക്കിയപ്പോള്‍ അതില്‍ നായകന്‍ മമ്മൂട്ടിയായിരുന്നു!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍