വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ചിത്രം ‘യാത്ര’ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് യാത്ര ടീം. ഒരു അന്യഭാഷാ ചിത്രത്തിനു വേണ്ടി ഇതാദ്യമായിട്ടാണ് താൻ മലയാളത്തിലേക്ക് ഡബ്ബിങ് ചെയ്യുന്നതെന്ന് കൊച്ചിയിൽ വെച്ച് നടന്ന യാത്ര ട്രെയിലർ ലോഞ്ചിൽ മമ്മൂട്ടി വ്യക്തമാക്കി.
‘തെലുങ്ക് ഭാഷ മലയാളികൾക്ക് പലർക്കും മനസിലായില്ലെന്ന് വരാം. അതുകൊണ്ടാണ് ചിത്രം മലയാളത്തിലേക്ക് ഡബ്ബ് ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടത്. മലയാളം സംസാരിച്ച് പരിചയമുള്ള എന്നെ നിങ്ങൾക്കൊരിക്കലും മറ്റൊരാളുടെ ശബ്ദത്തിൽ കേട്ടാൽ നിങ്ങൾ ഉൾക്കൊള്ളാൻ ആകില്ലെന്ന് കരുതിയത് കൊണ്ടാണ് ഡബ്ബ് ചെയ്തപ്പോഴും ഞാൻ തന്നെ ശബ്ദം നൽകിയത്. ഇതാദ്യമായിട്ടാണ്, ഞാൻ അഭിനയിച്ച ഒരു സിനിമ മറ്റ് ഭാഷയിൽ നിന്നും മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുന്നത്’.- മമ്മൂട്ടി പറഞ്ഞു.
‘നിങ്ങളിലേക്ക് സിനിമ എത്തിച്ചേരുമ്പോൾ കഥയും സംഭാഷണവും മനസിലാകണമെന്ന് കരുതി തന്നെയാണ് മലയാളത്തിൽ ഡബ്ബ് ചെയ്തത്. തെലുങ്ക് ചിത്രവും നിങ്ങൾ കാണണം, ഞാൻ ഒരുപാട് കഷ്ടപ്പെട്ടാണ് തെലുങ്ക് പറഞ്ഞിരിക്കുന്നത്. എല്ലാം കൂടി ഞാൻ നിങ്ങളുടെ തലയിലേക്ക് കെട്ടിവെയ്ക്കുകയല്ല, രണ്ടും കാണണമെന്നുള്ളവർക്ക് കാണാം. വേറാർക്കു വേണ്ടിയാണ് ഞാൻ അഭിനയിക്കുന്നത്? നിങ്ങൾക്ക് വേണ്ടിയല്ലേ? അപ്പോൾ നിങ്ങൾ തന്നെ കാണണം. വേറെ വഴിയില്ല.’- മമ്മൂട്ടി പറഞ്ഞു.