നിരവധി മികച്ച ചിത്രങ്ങൾ സിനിമാ പ്രേമികൾക്ക് സമ്മാനിച്ച് 2018 അവസാനിക്കാൻ പോകുകയാണ്. 2019ൽ ആദ്യപകുതിയിൽ തന്നെ പ്രേക്ഷക മനസ്സ് കീഴടക്കാൻ എത്തുന്നത് മമ്മൂട്ടി ചിത്രങ്ങൾ തന്നെയാണ്. പേരൻപ്, യാത്ര, ഉണ്ട, മധുരരാജ, പതിനെട്ടാം പടി, മാമാങ്കം എന്നീ ഏഴോളം ചിത്രങ്ങളാണ് മമ്മൂട്ടിയ്‌ക്ക് അടുത്ത വർഷം ആദ്യം വരാനിരിക്കുന്നത്.
പുതുവർഷത്തിൽ പ്രേക്ഷകര്‍ എറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സിനിമകളുടെ പോപ്പുലാരിറ്റി ലിസ്റ്റ് ഐഎംഡിബി പുറത്തുവിട്ടിരുന്നു. ഇതില്‍ മമ്മൂക്കയുടെ തെലുങ്ക് ചിത്രം യാത്രയാണ് ഒന്നാമതെത്തിയിരിക്കുന്നത്. യാത്രയ്ക്ക് പിന്നാലെയാണ് മറ്റു ഇന്‍ഡസ്ട്രികളിലെ സിനിമകൾക്ക് പോലും സ്ഥാനം ഉള്ളത്. മഹി വി രാഘവ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കിടിലൻ പ്രകടനത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.
തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ റാം ഒരുക്കിയ പേരന്‍പിനായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രം അടുത്ത വർഷം ഫെബ്രുവരി 28ന് റിലീസിനെത്തും എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിലേറേയായെങ്കിലും വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് റിലീസിന് തയാറെടുക്കുന്നത്.
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചരിത്ര സിനിമയാണ് മാമാങ്കം. ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം ഇപ്പോൾ ചില വിവാദങ്ങൾ നേരിടുകയാണ്. എന്തുതന്നെയായാലും 2019ൽ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും എന്നുതന്നെയാണ് സൂചനകൾ. അതേസമയം, ബിലാലും അമീറും ഈ വർഷം തന്നെ എത്തുമെന്നും പ്രേക്ഷകർ കരുതുന്നു.