മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ഉപേക്ഷിച്ചു? ബജറ്റും സന്തോഷ് ശിവന്‍റെ സമയമില്ലായ്മയും പ്രശ്നമായെന്ന് സൂചന!

ശനി, 28 ഏപ്രില്‍ 2018 (18:18 IST)
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാനിരുന്ന ‘കുഞ്ഞാലിമരക്കാര്‍’ ഉപേക്ഷിച്ചതായി സൂചന. വന്‍ ബജറ്റില്‍ ഒരുക്കാനിരുന്ന സിനിമയെക്കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ പ്രഖ്യാപിച്ചതോടെ മമ്മൂട്ടിച്ചിത്രം വരാനുള്ള സാധ്യത വളരെക്കുറഞ്ഞു.
 
ഓഗസ്റ്റ് സിനിമാസാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ചെയ്യാനിരുന്നത്. ഏകദേശം 50 കോടി ബജറ്റിലായിരുന്നു ചിത്രം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ 100 കോടി ബജറ്റിലാണ് മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാര്‍ ഒരുക്കുന്നത്. ഉയര്‍ന്ന ബജറ്റ് മമ്മൂട്ടിച്ചിത്രത്തിന് തടസമായെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
വമ്പന്‍ ബജറ്റില്‍ കുഞ്ഞാലിമരക്കാര്‍ ആരംഭിക്കാന്‍ വൈകുമെന്നതാണ് മമ്മൂട്ടിച്ചിത്രത്തിന് വിനയായത്. മാത്രമല്ല സംവിധായകന്‍ സന്തോഷ് ശിവന്‍റെ തിരക്കും പ്രൊജക്ടിന് കുഴപ്പമായി. ഇപ്പോള്‍ മണിരത്നത്തിന്‍റെ ‘ചൊക്കച്ചിവന്ത വാനം’ എന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചുവരികയാണ് സന്തോഷ് ശിവന്‍. മാത്രമല്ല, താന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞാലിമരക്കാര്‍ അല്ലെന്ന് സന്തോഷ് ശിവന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 
മോഹന്‍ലാല്‍ ചിത്രമായ ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രിയദര്‍ശന്‍ സന്തോഷ് ശിവനെ വിളിച്ചിരുന്നു. ഈ വര്‍ഷം തന്‍റെ കുഞ്ഞാലിമരക്കാര്‍ ഉണ്ടാവില്ലെന്‍ സന്തോഷ് ശിവന്‍ അറിയിച്ചതായി പ്രിയദര്‍ശന്‍ വെളിപ്പെടുത്തി.
 
മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീം കുഞ്ഞാലിമരക്കാര്‍ പ്രഖ്യാപിച്ചത് എന്തായാലും മമ്മൂട്ടി ആരാധകര്‍ക്ക് കടുത്ത നിരാശയാണ് നല്‍കിയിരിക്കുന്നത്. മമ്മൂട്ടി കുഞ്ഞാലിമരക്കാര്‍ ആകാനുള്ള എന്തെങ്കിലും സാധ്യതയുണ്ടെന്ന് ഇപ്പോള്‍ അവര്‍ വിശ്വസിക്കുന്നില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍