ജോയ് മാത്യുവിന് മാത്രമല്ല, മമ്മൂട്ടിക്കും പറയാനുണ്ടായിരുന്നു ചിലതൊക്കെ! അങ്കിൾ ഒരു അസാധാരണ സിനിമ - ഒരു മികച്ച റിവ്യു

ശനി, 28 ഏപ്രില്‍ 2018 (14:32 IST)
ഗിരീഷ് ദാമോദരൻ ആദ്യമായി സംവിധാനം ചെയ്ത ‘അങ്കിൾ’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ജോയ് മാത്യുവിന്റെ തിരക്കഥയിൽ മമ്മൂട്ടി നായകനായ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അടുത്തിടെ4 ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ കെ കെ എന്ന കഥാപാത്രം മികച്ച് നിന്നു. 
 
കണ്ണൂരിൽ സിവിൽ പൊലീസ് ഓഫീസറായ ശ്രീലേഷ്‌ തിയ്യഞ്ചേരി എഴുതിയ നിരൂപണം ഇതിനോടകം വൈറലായി കഴിഞ്ഞു. ജോയ് മാത്യു തന്നെയാണ് ഈ നിരൂപണം തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. 
 
പോസ്റ്റിന്റെ പൂർണരൂപം:
 
"അങ്കിൾ" ഒരു തുടർച്ചയാണ്..."ഷട്ടർ" എന്ന സിനിമയിലൂടെ മലയാളികളുടെ കപട സദാചാരത്തിന്റെ മുഖത്തു കിട്ടിയ അടിയുടെ തുടർച്ച.
 
ഇന്നത്തെ കാലത്തോടും ജീവിതങ്ങളോടും ഏറ്റവും പെട്ടെന്ന് തന്നെ കൂട്ടിച്ചേർക്കാവുന്ന ഒന്ന് തന്നെയാണ് അങ്കിളിന്റെ പ്രമേയം. ഹർത്താലും,കപട സദാചാരവും,സ്ത്രീകൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങളും,കുട്ടികളിലെ മയക്കു മരുന്നിൻറെ ഉപയോഗങ്ങളുമെല്ലാം ചർച്ച ചെയ്യുന്ന ,നൂറിൽ നൂറു ശതമാനം സമൂഹത്തിനോട് നീതി പുലർത്തുന്ന ഒരു സാധാരണ/അസാധാരണ സിനിമ.
 
പ്രായമായ പെണ്കുട്ടികളുടെ അച്ഛനമ്മമാരുടെ ഉള്ളിൽ ഉള്ള ഒരു നീറ്റലുണ്ട്..അത് നമുക്ക് സ്‌ക്രീനിൽ കാണാം. ജോയ് മാത്യു എന്ന നടനും മുത്തുമണി എന്ന നടിയും തകർത്തഭിനയിച്ച വേഷങ്ങൾ. അവർ രണ്ടുപേരുടെയും സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങൾ തന്നെയാണ് ഇത് എന്ന് പറയാൻ സംശയത്തിന്റെ ആവശ്യമില്ല.
 
നല്ല ഒരമ്മ എങ്ങനെ ആയിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു മുത്തുമണി.."ഒരമ്മയ്ക്ക് മകളെ മനസ്സിലാവാൻ അവളുടെ കയ്യിലൊന്നു തൊട്ടാൽ മതി" എന്ന് പറയുന്നുണ്ട് ആ അമ്മ...മാതൃത്വത്തിന് പറയാനുള്ള ഏറ്റവും മഹത്തരമായ ഒരു സന്ദേശം നമ്മുടെ ഹൃദയങ്ങളെ തൊടുന്ന നേരം...മമ്മൂട്ടി എന്ന നടൻ ഈ സിനിമ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ സോഷ്യൽ കമ്മിറ്റ് മെന്റാണ് എന്ന് ഞാൻ കരുതുന്നു..അത്രമാത്രം സമൂഹത്തോട് പറയാനുണ്ടായിരുന്നു മമ്മൂട്ടിയുടെ കൃഷ്ണകുമാറിന്..അദ്ദേഹത്തിലെ നടനെ ആഗ്രഹിക്കുന്ന മലയാളികൾക്ക് അത്രമാത്രം കിട്ടും അങ്കിൾ സിനിമയിൽ നിന്ന് തീവ്രാഭിനയത്തിന്റെ തിരുശേഷിപ്പുകൾ ഇപ്പോഴും ആ മഹാനടന്റെ ഉള്ളിൽ സ്ഫുരിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ് അങ്കിൾ.
 
ഒരു പ്രസവത്തിൽ അമ്മ അനുഭവിക്കുന്ന ശാരീരിക വേദനയും അച്ഛൻ ജീവിതത്തിൽ അനുഭവിക്കുന്ന മാനസിക വേദനയും കൂട്ടിച്ചേർക്കുന്ന ഒരു അദൃശ്യ ചരടുണ്ട് ഈ സിനിമയിൽ. കാണുന്ന സിനിമയോട് നമ്മൾ പ്രേക്ഷകർ നീതി പുലർത്തിയാൽ ആ ചരട് നമ്മളെയും ബന്ധിക്കും പലപ്പോഴും. ജീവിതത്തിൽ നമ്മൾ നടന്നു പോകാത്ത ഒരു വഴിയിലൂടെയും ഈ സിനിമ സഞ്ചരിക്കുന്നില്ല എന്നത് നമ്മളെ ഇതുമായി കൂടുതൽ അടുപ്പിക്കും എന്നത് തീർച്ച.
 
കപദാസദാചാരത്തിനെ പൊളിച്ചടുക്കുന്നതോടൊപ്പം നാട്ടിലെ മനുഷ്യരിൽ നഷ്ടപ്പെട്ടുപോയ നന്മയും ചോദ്യം ചെയ്യപ്പെടുന്നു പലപ്പോഴും. സോഷ്യൽ മീഡിയയും, ചാറ്റിംഗും, അവിഹിതബന്ധങ്ങളും ഒന്നും കടന്നു വരാത്ത കാട്ടിലെ മനുഷ്യരുടെ ഹൃദയത്തിന്റെ നന്മ വരച്ചു കാട്ടപ്പെടുന്നു. ആദിവാസി എന്ന ഓമനപ്പേരിൽ നാം വിളിക്കുന്ന ആ മനുഷ്യരിലാണ് നന്മയുടെ തിരി ഇന്നും കെടാതെ കത്തുന്നത് എന്ന് പറഞ്ഞു തരുന്നുണ്ട് ഈ അങ്കിൾ. 
 
ആ ചുവന്ന തൂവാല പറഞ്ഞു തരും മേൽപ്പറഞ്ഞ നന്മയുടെ കഥ. ഗിരീഷ് ദാമോദർ എന്ന കന്നി സംവിധായകൻ മലയാള സിനിമയുടെ ഹൃദയ ഭാഗത്തു തന്നെ കയ്യൊപ്പു ചാർത്തിയിരിക്കുന്നു ഈ ടൈറ്റിൽ കാർഡിലൂടെ. ഇന്നലെ സിനിമ കണ്ടിറങ്ങിയപ്പോൾ ഞാൻ ഇതിന്റെ എഴുത്തുകാരൻ കൂടിയായ ജോയ് മാത്യു സർ നെ വിളിച്ചിരുന്നു. 
 
സിനിമയെ കുറിച്ച് എന്റെ അഭിപ്രായം അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞ ഒരു മറുപടിയുണ്ട്.."മോനെ,ഞാൻ രണ്ടു പെണ്മക്കളുടെ അച്ഛനാണ്..എനിക്ക് എന്റേതായ ആശങ്കകളും ഉത്കണ്ഠകളും ഉണ്ട്...ആ വികാരങ്ങളാണ് എന്റെ ഈ സിനിമ.."അതെ,നല്ല സിനിമകൾ എപ്പോഴും പിറക്കുന്നത് അനുഭവങ്ങളിൽ നിന്നാണ്... നല്ല സിനിമകളെ സ്നേഹിക്കുന്ന കോടിക്കണക്കിനു മലയാളികളുടെ പ്രതിനിധിയായി നിന്ന് കൊണ്ട് ഞാൻ സല്യൂട്ട് ചെയ്യുന്നു അങ്കിൾ എന്ന സിനിമയെ..അതിന്റെ മുന്നണിയിലെയും പിന്നാമ്പുറങ്ങളിലെയും മനുഷ്യരെ.....
  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍