നീലഗിരി മോഹന്‍ലാലിന് വേണ്ടി എഴുതിയത്, ആ ചിത്രത്തില്‍ മമ്മൂട്ടി എങ്ങനെ നായകനായി?!

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (13:18 IST)
1991ല്‍ ഐ വി ശശി - മോഹന്‍ലാല്‍ ടീമിന് വേണ്ടി രഞ്ജിത് എഴുതിയ തിരക്കഥയാണ് ‘നീലഗിരി’. ശിവന്‍‌കുട്ടി എന്ന കാര്‍ ഡ്രൈവറുടെ കഥയായിരുന്നു രഞ്ജിത് എഴുതിയത്. നിറയെ ഗാനരംഗങ്ങളും മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ ഡാന്‍സ് രംഗങ്ങളും ഉഗ്രന്‍ ഫൈറ്റ് സീക്വന്‍സുകളും ഒക്കെയുള്‍പ്പെടുത്തിയ ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറായാണ് രഞ്ജിത് നീലഗിരി എഴുതിയത്.
 
ആ സമയത്ത് ഐ വി ശശിക്ക് കെ ആര്‍ ജി മൂവീസിന് വേണ്ടി ഒരു സിനിമ ചെയ്യേണ്ടതുണ്ടായിരുന്നു. കെ ആര്‍ ജിക്ക് മമ്മൂട്ടിയുടെ ഡേറ്റുണ്ട്. മമ്മൂട്ടിക്ക് പറ്റിയ കഥ ഉടന്‍ ആലോചിക്കണമെന്നും പടം ഉടന്‍ തുടങ്ങണമെന്നുമായിരുന്നു കെ ആര്‍ ജിയുടെ ഡിമാന്‍ഡ്.
 
എന്നാല്‍ മമ്മൂട്ടിക്ക് പറ്റിയ കഥയൊന്നും അപ്പോള്‍ ഐ വി ശശിയുടെ കൈവശം ഉണ്ടായിരുന്നില്ല. അപ്പോഴാണ് നീലഗിരിയുടെ പൂര്‍ത്തിയായ തിരക്കഥയുമായി രഞ്ജിത്തിന്‍റെ വരവ്. അങ്ങനെയെങ്കില്‍ കെ ആര്‍ ജിക്ക് വേണ്ടി രഞ്ജിത്തിന്‍റെ തിരക്കഥ ഉപയോഗിക്കാം എന്ന നിര്‍ദ്ദേശം വന്നു.
 
രഞ്ജിത് മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ തിരക്കഥയാണ്. ഒടുവില്‍ മമ്മൂട്ടിക്കായി തിരക്കഥയില്‍ ചില തിരുത്തലുകള്‍ വരുത്തി. അങ്ങനെ നീലഗിരിയില്‍ മമ്മൂട്ടി നായകനായി.
 
പക്ഷേ, ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. ആ സിനിമയുടെ പരാജയം മമ്മൂട്ടി - ഐ വി ശശി ബന്ധത്തിലും വിള്ളല്‍ വീഴ്ത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article