കുറ്റാന്വേഷണ സിനിമകളില്‍, സസ്പെന്‍സ് ത്രില്ലറുകളില്‍ ഏറ്റവുമധികം അഭിനയിക്കുകയും അവയെല്ലാം വിജയിപ്പിക്കുകയും മലയാള സിനിമയിലെ നാഴികക്കല്ലാക്കി മാറ്റുകയും ചെയ്തിട്ടുള്ള താരമാണ് മമ്മൂട്ടി. സേതുരാമയ്യരും ബല്‍റാമും ജോസഫ് അലക്സുമൊക്കെ അവയില്‍ ചില ഉദാഹരണങ്ങള്‍. ഇക്കാര്യം ഏറ്റവും നന്നായി അറിയുന്നയാളാണ് സംവിധായകന്‍ ജീത്തു ജോസഫ്.
അതുകൊണ്ടാണ് അദ്ദേഹം മമ്മൂട്ടിയെ മനസില്‍ കണ്ട് രണ്ട് തിരക്കഥകള്‍ രചിച്ചത്. മെമ്മറീസും ദൃശ്യവും. രണ്ടിലും മമ്മൂട്ടിയുടെ ഡേറ്റ് ജീത്തുവിന് ലഭിച്ചില്ല. ആ സമയത്തെ മമ്മൂട്ടിയുടെ തിരക്കും മറ്റ് കാരണങ്ങളുമായിരുന്നു ആ ചിത്രങ്ങള്‍ മമ്മൂട്ടിച്ചിത്രങ്ങളായി മാറാന്‍ കഴിയാതിരുന്നതിന്‍റെ കാരണം.
ദൃശ്യവും മെമ്മറീസും പിന്നീട് മലയാളത്തിലെ വമ്പന്‍ ഹിറ്റുകളായി മാറി. മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ നടത്തിയ രണ്ടുശ്രമങ്ങള്‍ പരാജയപ്പെട്ട ജീത്തുവിന് ഇപ്പോഴും മമ്മൂട്ടിയെ നായകനാക്കിയുള്ള ഒരു സിനിമ എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.
ഇപ്പോള്‍ കാളിദാസ് ജയറാം നായകനാകുന്ന സിനിമയുടെ തിരക്കഥാജോലികളിലാണ് ജീത്തു. അതിന് ശേഷം മോഹന്‍ലാലിന്‍റെ പ്രൊജക്ടുണ്ട്. അതും കഴിഞ്ഞാല്‍ മമ്മൂട്ടി - ജീത്തു ജോസഫ് ടീമിന്‍റെ ഒരു സിനിമ സംഭവിക്കാനുള്ള സാധ്യതയുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കാം.