പുലിമുരുകന്‍ ചെയ്തപ്പോഴും മമ്മൂട്ടിക്ക് അതിഷ്ടമാകുമോ എന്നായിരുന്നു സംവിധായകന്‍റെ പേടി!

വെള്ളി, 27 ജൂലൈ 2018 (13:06 IST)
വൈശാഖിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന ‘രാജ 2’ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമല്ല. മമ്മൂട്ടിയുടെ ‘രാജ’ എന്ന കഥാപാത്രത്തെ മാത്രമെടുത്ത് മറ്റൊരു കഥ പറയുകയാണ്. ഉദയ്കൃഷ്ണ ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാ ജോലികളിലാണ്. പുലിമുരുകനേക്കാള്‍ വലിയ ക്യാന്‍‌വാസില്‍ രാജ 2 ഒരുക്കാനാണ് തീരുമാനം. തമിഴ് താരം ജയ് ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
ഏത് സിനിമ ചെയ്യുമ്പോഴും അത് മമ്മൂട്ടിക്ക് ഇഷ്ടമാകണമെന്ന ആഗ്രഹം കാത്തുസൂക്ഷിക്കുന്നയാളാണ് സംവിധായകന്‍ വൈശാഖ്. അത് മറ്റ് താരങ്ങള്‍ അഭിനയിച്ച സിനിമയാകട്ടെ, മമ്മൂട്ടിക്ക് ഇഷ്ടമാകുക എന്നത് വൈശാഖിനെ സംബന്ധിച്ച് പ്രധാനമാണ്. താന്‍ മമ്മൂട്ടിയുടെ കണ്ടെത്തല്‍ ആണെന്ന് മിക്ക അഭിമുഖങ്ങളിലും വൈശാഖ് പറയാറുണ്ട്.
 
“പുലിമുരുകന്റെ വിജയത്തില്‍ ആദ്യ ഗിഫ്റ്റ് തന്നത് മമ്മൂക്കയാണ്. റിലീസ് ചെയ്ത് രണ്ടാമത്തെ ദിവസം അദ്ദേഹം എന്നെ വിളിച്ചു. സന്തോഷം ഒരു പിശുക്കുമില്ലാതെ കാണിച്ചു. പുതിയ സാധ്യതകളെക്കുറിച്ച്, ഈ സിനിമ തുറന്നിട്ട വിപണിയുടെ വാതിലുകളെക്കുറിച്ച് എല്ലാം പറഞ്ഞു. ഓരോ സിനിമ സംവിധാനം ചെയ്യുമ്പോഴും ജോഷിസാറിനും മമ്മൂക്കയ്ക്കും ഈ സിനിമ ഇഷ്ടമാകുമോ എന്നു ഞാന്‍ ആലോചിക്കാറുണ്ട്” - ഒരു അഭിമുഖത്തില്‍ വൈശാഖ് വ്യക്തമാക്കിയിരുന്നു. 
 
ആദ്യ സിനിമയായ പോക്കിരിരാജയ്ക്കായി പോയപ്പോള്‍ ‘നന്നായിട്ടൊക്കെ സംവിധാനം ചെയ്യുമോടോ?’ എന്ന മമ്മൂട്ടിയുടെ ചോദ്യം ഇപ്പോഴും വൈശാഖിന്റെ മനസ്സിലുണ്ടത്രേ. താന്‍ ആരാധിക്കുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തന്‍റെ ഗുരുതുല്യനാണ് മമ്മൂക്കയെന്നും പോക്കിരിരാജയിലൂടെ അദ്ദേഹം തന്നെ കൈപിടിച്ചു കയറ്റിയത് സിനിമയിലേക്ക് മാത്രമല്ല, ജീവിതത്തിലേക്കുകൂടിയാണെന്നും വൈശാഖ് മുമ്പും പലവട്ടം പറഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍