മെഗാഹിറ്റ് ആയ ടൂ കൺട്രീസിന് ശേഷം ഷാഫിയും റാഫിയും ഒരുമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അത് സംഭവിക്കുന്നു. മൂന്ന് പേരും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ചിത്രം പൂർത്തിയായി കഴിഞ്ഞാൽ ഈ ചിത്രത്തിന്റെ മറ്റ് പണികളിലേക്ക് കടക്കും.
മമ്മൂട്ടിക്കായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് ഒരു കോമഡി ചിത്രമാണെന്ന് റാഫി പറയുന്നു. പ്രാഥമിക ചർച്ചകളും തീരുമാനങ്ങളും മാത്രമേ എടുത്തിട്ടുള്ളുവെന്നും അതിനാൽ ഇപ്പോൾ ചിത്രം ഏത് ജോണറിൽ ഉള്ളതാണെന്നതും മാത്രമേ വെളിപ്പെടുത്താൻ കഴിയുകയുള്ളു എന്നും റാഫി അടുത്തിടെ വ്യക്തമാക്കി.
നിലവിൽ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന എബ്രഹാമിന്റെ സന്തതികളിൽ ആണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒരു പഴയ ബോംബ് കഥയാണ് ഷാഹി സംവിധാനം ചെയ്യുന്ന അടുത്ത പടം. ദിലീപ് നായകനാകുന്ന പ്രൊഫസർ ഡിങ്കന്റെ അണിയറ കാര്യങ്ങളിൽ ബിസിയാണ് റാഫി.
മൂന്ന് പേരുടെയും നിലവിലുള്ള തിരക്കുകൾ കഴിഞ്ഞാൽ ആ പടം സാധ്യമാകും. ഷാഫിയുടെ ചിത്രത്തിൽ ഇത് അഞ്ചാം തവണയാണ് മമ്മൂട്ടി നായകനാകുന്നത്. തൊമ്മനും മക്കളും, മായാവി എന്നീ ചിത്രങ്ങൾ മെഗാഹിറ്റുകളായിരുന്നു. കോമഡിയുടെ തമ്പുരാനാണ് ഷാഫി.