നിസാമിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന് പ്രമുഖ നടിക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചു; വെളിപ്പെടുത്തലുമായി ജേക്കബ് ജോബ്
വെള്ളി, 2 മാര്‍ച്ച് 2018 (09:51 IST)
ചന്ദ്രബോസ് വധക്കേസിലെ പ്രതിയും വ്യവസായിയുമായ മുഹമ്മദ് നിസാമിനെ സഹായിച്ചത് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പത്തനംതിട്ട എസ്പി ജേക്കബ് ജോബ്.
നിസാമിന് ജയിലില്‍ സൗകര്യം ചെയ്തുകൊടുത്തെന്ന് ആരോപിച്ച് ചില ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വഞ്ചിച്ചു. നിസാമിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച പൊലീസുകാരാണ് ജയിലില്‍ മൊബൈൽഫോണും ആഡംബരസൗകര്യങ്ങളും അയാള്‍ക്ക് ഏര്‍പ്പെടുത്തി നല്‍കിയതെന്നും ജേക്കബ് ജോബ് വെളിപ്പെടുത്തി.
അന്വേഷണത്തിന്റെ പേരുപറഞ്ഞ് ഒരു മേലുദ്യോഗസ്ഥന് പ്രമുഖ സിനിമാ നടിക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. ഇവരൊക്കെ ചേര്‍ന്നാണ് നിസാമിന് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയത്. എന്നാല്‍ ചെയ്യാത്തെ കാര്യത്തിനാണ് തനിക്കെതിരേ നടപടിയുണ്ടായത്. ആരോപണങ്ങളുടെ പേരില്‍ താനും കുടുംബവും മൂന്നു വര്‍ഷം പീഡനത്തിന് ഇരയായെന്നും ജേക്കബ് ജോബ് പറഞ്ഞു.
തനിക്കെതിരേ പോലീസില്‍നിന്നു തന്നെ ഗൂഢാലോചനയുണ്ടായി. അന്ന് നിസാമിനെ സംരക്ഷിച്ച ഉദ്യോഗസ്ഥര്‍ സർവീസിൽ സുരക്ഷിതരായിരിക്കുകയാണ്. നടിക്കൊപ്പം കഴിഞ്ഞ ഉന്നത ഉദ്യോഗസ്ഥന് അവധിയിലാണോ ഡ്യൂട്ടിയിലാണോ എന്നുപോലും ആരും അന്വേഷിച്ചില്ലെന്നും പത്തനംതിട്ട എസ്പി കൂട്ടിച്ചേര്‍ത്തു.
മൊബൈല്‍ ടവര്‍ ലൊക്കേഷനിലൂടെ ഉദ്യോഗസ്ഥന്റെ ഈ വഴിവിട്ട ബന്ധം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു. നിസാമിനൊപ്പം നിന്ന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് ആരും ഒരക്ഷരം മിണ്ടിയില്ല. തന്നോടു മാത്രം അനീതി കാണിച്ചു. എന്നാല്‍ തന്റെ നിരപരാധിത്വം പിന്നീട് അംഗീകരിക്കേണ്ടിവന്നുവെന്നും പത്തനംതിട്ടയിൽ മാധ്യമ സെമിനാറിൽ സംസാരിക്കവെ ജേക്കബ് ജോബ് തുറന്നടിച്ചു.