Mammootty: ഒരേയൊരു മമ്മൂട്ടി; ജൂറി മുഖം തിരിച്ചില്ലെങ്കില്‍ കമല്‍ഹാസനെ വെട്ടി സാക്ഷാല്‍ ബിഗ് ബിയ്‌ക്കൊപ്പം

രേണുക വേണു

വെള്ളി, 16 ഓഗസ്റ്റ് 2024 (08:42 IST)
Mammootty: ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കുകയാണ്. രണ്ടിലും മികച്ച നടനു വേണ്ടിയുള്ള അവസാന റൗണ്ട് പോരാട്ടത്തില്‍ മമ്മൂട്ടിയുണ്ട്. കഴിഞ്ഞ തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയതിനാല്‍ ഇത്തവണ മമ്മൂട്ടിക്ക് ലഭിക്കാന്‍ സാധ്യത കുറവാണ്. അതേസമയം ദേശീയ അവാര്‍ഡിലൂടെ മമ്മൂട്ടി ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാലോകം. 
 
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ കരസ്ഥമാക്കിയ അഭിനേതാവാണ് മമ്മൂട്ടി. ഇത്തവണ ദേശീയ പുരസ്‌കാരം ലഭിച്ചാല്‍ അത് നാലാമത്തെയാണ്. അതായത് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ നേടുന്ന താരമാകും മമ്മൂട്ടി. നിലവില്‍ നാല് ദേശീയ അവാര്‍ഡ് കൈവശമുള്ള അമിതാഭ് ബച്ചനാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് ദേശീയ പുരസ്‌കാരങ്ങളുമായി മമ്മൂട്ടിയും കമല്‍ഹാസനും രണ്ടാം സ്ഥാനത്ത്. 
 
കമല്‍ഹാസനെ കടത്തിവെട്ടി സാക്ഷാല്‍ ബിഗ് ബിയ്‌ക്കൊപ്പം എത്താന്‍ മമ്മൂട്ടിക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണ് ഇത്തവണത്തെ ദേശീയ അവാര്‍ഡ്. 2022 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് ഇത്തവണ ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിനായി പരിഗണിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, പുഴു എന്നീ സിനിമകളിലെ അഭിനയമാണ് മമ്മൂട്ടിയെ മികച്ച നടനുവേണ്ടിയുള്ള മത്സരത്തില്‍ മുന്നിലെത്തിച്ചത്. മൂന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. 
 
അതേസമയം മമ്മൂട്ടിക്കു നേരെ ഇത്തവണയും ജൂറി കണ്ണടയ്ക്കുമോ എന്ന ആശങ്കയാണ് മലയാളികള്‍ക്കുള്ളത്. 2009 ലെ ദേശീയ പുരസ്‌കാരത്തില്‍ തലനാരിഴയ്ക്കാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് നഷ്ടമായത്. പാലേരിമാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന സിനിമയിലെ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച് മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ച വര്‍ഷമായിരുന്നു അത്. എന്നാല്‍ പാ എന്ന സിനിമയിലെ പ്രകടനത്തിനു അമിതാഭ് ബച്ചനു പുരസ്‌കാരം നല്‍കാന്‍ ജൂറി തീരുമാനിക്കുകയായിരുന്നു. 
 
1990 ലും അവസാന റൗണ്ട് വരെ എത്തിയ ശേഷം മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് നഷ്ടമായി. അമരത്തിലെ അച്ചൂട്ടി എന്ന കഥാപാത്രമാണ് ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് മത്സരത്തില്‍ മമ്മൂട്ടിയെ എത്തിച്ചത്. അരയനു ഇത്ര സൗന്ദര്യം ഉണ്ടാകില്ല എന്ന കാരണം പറഞ്ഞാണ് ജൂറി അവസാന റൗണ്ടില്‍ മമ്മൂട്ടിയെ പുറത്താക്കിയതെന്ന് അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. അഗ്നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിനു അമിതാഭ് ബച്ചനു മികച്ച നടനുള്ള പുരസ്‌കാരം നല്‍കാന്‍ അന്നത്തെ ജൂറി തീരുമാനിക്കുകയും ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍