മമ്മൂട്ടിയും അക്ഷയ് കുമാറും ഒരു വേട്ടയ്ക്കായി ഒരുമിക്കും!

ചൊവ്വ, 20 നവം‌ബര്‍ 2018 (14:06 IST)
വേട്ടയാടാന്‍ അവര്‍ ഒരുങ്ങുകയാണ്. മമ്മൂട്ടിയും അക്ഷയ് കുമാറും. ഇരുവരും പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് സൂചന. അതില്‍ മമ്മൂട്ടിയുടേത് പോസിറ്റീവ് കഥാപാത്രമാകുമ്പോള്‍ അക്ഷയ് കുമാര്‍ വില്ലനായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ എന്ന സിനിമയിലാണ് ഈ അപൂര്‍വ സംഗമത്തിന് സാധ്യത തെളിയുന്നത്. ചിത്രത്തില്‍ മമ്മൂട്ടി എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റായി വരുമെന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അജയ് ദേവ്‌ഗണ്‍ ചിത്രത്തില്‍ വില്ലനായി അഭിനയിക്കും എന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ അജയ് ദേവ്ഗണിന് പകരം അക്ഷയ് കുമാറായിരിക്കും ഈ സിനിമയില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതാണ് പുതിയ വിവരം.
 
സേനാപതി എന്ന നായക കഥാപാത്രത്തെ കമല്‍ഹാസന്‍ അവതരിപ്പിക്കും. ദുല്‍ക്കര്‍ സല്‍മാന്‍, ചിമ്പു എന്നിവരും ഈ സിനിമയിലെ താരങ്ങളാണ്. രവിവര്‍മന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഇന്ത്യന്‍ 2ന്‍റെ സംഗീതം അനിരുദ്ധാണ്.
 
ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമ ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. 2019 അവസാനം ചിത്രം പ്രദര്‍ശനത്തിനെത്തും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍